Kerala

ഷാജഹാന്‍ വധം: പ്രതികള്‍ തലേദിവസവും കൃത്യം നടത്താന്‍ ശ്രമിച്ചെന്ന് എ പ്രഭാകരന്‍

പാലക്കാട്ടെ സിപിഐഎം പ്രവര്‍ത്തകനായ ഷാജഹാന്റെ കൊലപാതകത്തിന്റെ തലേദിവസവും പ്രതികള്‍ കൃത്യം നടത്താന്‍ ശ്രമം നടത്തിയതായി എ പ്രഭാകരന്‍ എംഎല്‍എ. ഷാജഹാനെ അന്വേഷിച്ച് വീട്ടിലെത്തിയ സംഘം ഷാജഹാന്‍ വീട്ടിലില്ലാത്തതിനാല്‍ മടങ്ങിപ്പോയി. ഇതേസംഘമാണ് പിറ്റേന്ന് കൃത്യം നടത്തിയതെന്നും എ പ്രഭാകരന്‍ എംഎല്‍എ പറഞ്ഞു. പ്രതികള്‍ ബിജെപി പ്രവര്‍ത്തകരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാട്ടുകാര്‍ ആയതിനാല്‍ സംഘം ഷാജഹാനെ അന്വേഷിച്ച് വീട്ടിലെത്തിയതില്‍ അസ്വാഭാവികത ആര്‍ക്കും തോന്നിയിരുന്നില്ല. ഷാജഹാന്‍ വീട്ടിലുണ്ടായിരുന്നെങ്കില്‍ വീട്ടില്‍വച്ച് തന്നെ കൊലപ്പെടുത്തിയേനെയെന്നും എംഎല്‍എ പറയുന്നു. പ്രതികള്‍ ആരെന്ന് ദൃക്‌സാക്ഷി കണ്ടതാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. ഷാജഹാന് ഭീഷണിയുണ്ടായിരുന്നതില്‍ കൂടുതല്‍ അന്വേഷണം നടക്കാതിരുന്നത് ഷാജഹാന്‍ സ്ഥലത്തില്ലാത്തതിനാല്‍ മാത്രമായിരുന്നെന്നും എംഎല്‍എ വിശദീകരിച്ചു.

അതേസമയം ഷാജഹാന്റെ കൊലപാതകത്തില്‍ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളും സഹായിച്ച മറ്റൊരാളുമാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. പിടിയിലായവരെ പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. കേസില്‍ ആകെ എട്ട് പ്രതികളാണ് ഉള്ളത്. ബാക്കിയുള്ളവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

പാലക്കാട്ടെ സിപിഐഎം പ്രവര്‍ത്തകന്‍ ഷാജഹാന്‍ വധക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 19 അംഗ സംഘത്തെയാണ് നിയോഗിച്ചത്. ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് ആണ് പുതിയ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചത്.

പാലക്കാട് മരുതറോഡ് സിപിഐഎം ലോക്കല്‍കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട ഷാജഹാന്‍. ഷാജഹാന്റെത് രാഷ്ട്രീയ കൊലപാതകമെന്നാണ് പൊലീസ് എഫ്‌ഐആര്‍. എട്ട് ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് കൃത്യം നടത്തിയത്. അക്രമികള്‍ കഴുത്തിലും കാലിലും മാരകമായി പരുക്കേല്‍പ്പിച്ചു എന്നും എഫ്‌ഐആറില്‍ പറയുന്നു. അതേസമയം അമിതമായി രക്തം വാര്‍ന്നതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.