India Kerala

ശബരിമല യുവതീപ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട് മാറ്റം

ശബരിമല കേസിലെ നിലപാട് മാറ്റത്തില്‍ ദേവസ്വം ബോര്‍ഡില്‍ കടുത്ത ഭിന്നത. ദേവസ്വം കമ്മീഷണര്‍ക്കെതിരെ ബോര്‍ഡ് പ്രസിഡന്റ് തന്നെ രംഗത്ത് വന്നു. ഇന്നലെ കോടതിയില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഇക്കാര്യത്തില്‍ ദേവസ്വം കമ്മീഷണറോട് വിശദീകരണം തേടിയിട്ടുണ്ടെന്നും എ. പത്മകുമാര്‍ പറ‍ഞ്ഞു. കമ്മീഷറുടെ കാലാവധി നീട്ടി നല്‍കിയതിലുള്ള അതൃപ്തിയും പത്മകുമാര്‍ പ്രകടിപ്പിച്ചു. എന്നാല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വിഷയത്തില്‍ വിശദീകരണം തേടിയിട്ടില്ലെന്നാണ് ദേവസ്വം കമ്മീഷണറുടെ പ്രതികരണം.

സര്‍ക്കാര്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച സമയത്തെല്ലാം ബോര്‍ഡിന്റെ നിലപാട് അതിന് വിരുദ്ധമായിരുന്നു. ഇതിന്റെ പേരില്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ അതൃപ്തിക്ക് ദേവസ്വം പ്രസിഡന്റ് ഇരയായിട്ടുമുണ്ട്. എന്നാല്‍ ഇന്നലെ സുപ്രീംകോടതിയില്‍ ബോര്‍ഡിന്റെ നിലപാട് മാറ്റം ഏവരേയും അത്ഭുതപ്പെടുത്തി. ആര്‍ത്തവമില്ലാതെ മനുഷ്യകുലത്തിന് നിലനില്‍പ്പില്ലെന്ന വാദം വരെ ബോര്‍ഡ് കോടതിയില്‍ നടത്തി. ഈ നിലപാട് മാറ്റം ബോര്‍ഡ് പ്രസിഡന്‍റ് അറിയാതെയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.