Kerala

ക്ഷേത്രത്തില്‍ താലികെട്ടി നേരെ പഴഞ്ഞി സെന്റ് മേരീസ് കത്തിഡ്രലിലേക്ക്; മതസൗഹാര്‍ദത്തിന്റെ മാതൃക ഉയര്‍ത്തി ഒരു വിവാഹം

മതസൗഹാര്‍ദത്തിന് പേരുകേട്ട പള്ളിയാണ് തൃശൂര്‍ ജില്ലയിലെ കുന്നംകുളം പഴഞ്ഞി സെന്റ് മേരീസ് കത്തിഡ്രല്‍. കുടുംബ ക്ഷേത്രത്തില്‍ താലി കെട്ടിയ ശേഷം വധൂവരന്‍മാര്‍ പരസ്പരം ഹാരാര്‍പ്പണം നടത്താന്‍ പഴഞ്ഞി മുത്തപ്പന്റെ തിരുനടയിലെത്തിയത് വേറിട്ട കാഴ്ചയായി. ഡോക്ടര്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രൊപ്പൊലീത്തയുടെ സാന്നിധ്യത്തിലായിരുന്നു ഹാരാര്‍പ്പണം. പഴഞ്ഞി ജെറുശലേമിലെ ശിവദാസന്റെ കൈതവളപ്പില്‍ കുടുംബക്കാരാണ് പഴഞ്ഞി സെന്റ് മേരീസ് പള്ളിയിലെ പെരുന്നാളിന് കുത്തുവിളക്കേന്തുന്നത്. ഇത് പാരമ്പര്യ അവകാശമായി ഈ കുടുംബം അനുഷ്ഠിച്ചുവരുന്ന ആചാരമാണ്. അതുകൊണ്ടാണ് മകളുടെ വിവാഹച്ചടങ്ങുകള്‍ കുടുംബക്ഷേത്രത്തില്‍ നടത്തിയ ശേഷം പള്ളിയിലെത്തി ഹാരാര്‍പ്പണം നടത്താനുള്ള തീരുമാനത്തിലേക്ക് ശിവദാസനെത്തിയത്.

പഴഞ്ഞി മുത്തപ്പന്റെ തിരുനടയിലേക്ക് എത്തിയ നവദമ്പതിമാരെ ഡോക്ടര്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രൊപ്പൊലീത്ത സ്വീകരിച്ചു. തുടര്‍ന്ന് പഴഞ്ഞി മുത്തപ്പന്റെ തിരുനടയില്‍ വച്ച് ഹാരാര്‍പ്പണം നടത്തി.

വിവാഹം നിശ്ചയിച്ചപ്പോള്‍ ആര്‍ത്താറ്റ് അരമനയിലെത്തിയാണ് ശിവദാസനും ഭാര്യ സബിതയും തന്റെ ആഗ്രഹം മെത്രാപ്പൊലീത്തയെ അറിയിച്ചത്. അദ്ദേഹം നവദമ്പതികളെ ആശീര്‍വദിക്കാന്‍ നേരിട്ടെത്തിയതിന്റെ ആഹ്‌ളാദത്തിലാണ് കുടുംബം. ഒക്ടോബര്‍ മാസത്തില്‍ നടക്കുന്ന പഴഞ്ഞി പള്ളിപ്പെരുന്നാളിന് നാനാജാതി മതസ്ഥരും മുത്തപ്പന് മുന്നില്‍ മുട്ടുകുത്തി പ്രദക്ഷിണം വയ്ക്കാനെത്തുന്ന പതിവുണ്ട്. എടപ്പാള്‍ കോലളമ്പാണ് വരന്‍ വൈശാഖിന്റെ സ്വദേശം.