കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ചേരാത്തതില്‍ എ ഗ്രൂപ്പിന് അതൃപ്തി. അതൃപ്തി രേഖപ്പെടുത്തി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് കെ സി ജോസഫ് കത്തയച്ചു. ഗുരുതര രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടിട്ടും രാഷ്ട്രീയകാര്യ യോഗം ചേരാത്തത് അനുചിതമാണെന്നാണ് കത്തിലൂടെ എ ഗ്രൂപ്പ് വിമര്‍ശിച്ചിരിക്കുന്നത്.
ബിജെപിയുടെ ക്രൈസ്തവ സ്നേഹത്തെ പ്രതിരോധിക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യണമെന്നും കെ സി ജോസഫിന്റെ കത്തില്‍ ആവശ്യമുണ്ട്. നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള രാഷ്ട്രീയകാര്യ സമിതിയുടെ യോഗങ്ങള്‍ നാല് മാസമായി ചേര്‍ന്നിട്ടേയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എ ഗ്രൂപ്പിന്റെ വിമര്‍ശനങ്ങള്‍. നേതൃതലത്തിലെ ഭിന്നതയും ആഭ്യന്തര കലഹങ്ങളും ചര്‍ച്ചയാകുന്ന പശ്ചാത്തലത്തിലാണ് വിമര്‍ശനങ്ങളുമായി എ ഗ്രൂപ്പ് രംഗത്തെത്തിയിരിക്കുന്നത്.
ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്തുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിച്ച് ബിജെപി മുന്നോട്ടുപോകുന്ന പശ്ചാത്തലത്തില്‍ അതിനെ പ്രതിരോധിക്കേണ്ട ബാധ്യത കോണ്‍ഗ്രസിനുണ്ടെന്നാണ് എ ഗ്രൂപ്പ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇത്തരം യാതൊരു ചര്‍ച്ചയും പാര്‍ട്ടികകത്ത് നടത്താത്തതിലെ അതൃപ്തിയാണ് കത്തിലൂടെ എ ഗ്രൂപ്പ് പങ്കുവച്ചത്. അതേസമയം കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം ഈ മാസം 20ന് ചേര്‍ന്നേക്കുമെന്ന് വിവരമുണ്ട്.