Kerala

India’s Cannabis Capital : കഞ്ചാവ് കടത്ത് കേസിൽ വിശാഖപട്ടണം ജയിലിൽ റിമാൻഡിൽ കഴിയുന്നത് 93 മലയാളികൾ

കഞ്ചാവ് കടത്തുകേസിൽ ആന്ധ്രയിൽ അറസ്റ്റിലാകുന്നത് അധികവും മലയാളി യുവാക്കൾ. വിശാഖപട്ടണം ജയിലിൽ റിമാൻഡിൽ കഴിയുന്നത് 93 മലയാളി യുവാക്കളാണ്. ജാമ്യം ലഭിച്ചിട്ടും ജാമ്യത്തുക കെട്ടിവെക്കാനില്ലാത്തതിനാൽ 46 പേർ ജയിലിൽ തുടരുന്നു.

പാടേരുവിൽ നിന്ന് കഞ്ചാവ് കടത്തുന്നതിനിടയിൽ പിടിക്കപ്പെടുന്നവർ തടവിൽ കഴിയുന്നത് വിശാഖപട്ടണം സെൻട്രൽ ജയിലിലാണ്. കഞ്ചാവുകടത്തിയതിന് 93 പേർ നിലവിൽ ഇവിടെ റിമാൻഡിൽ ഉണ്ട്. ഇതിൽ 46 പേർക്ക് കോടതി ജാമ്യം അനുവദിച്ചിട്ടും തുക കെട്ടിവെക്കാനില്ലാത്തതിനാൽ ജയിലിൽ തുടരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവാക്കളാണ് അകത്താകുന്നതെന്ന് വ്യക്തമാണ്.

വിശാഖപട്ടണം ചെന്നൈ റൂട്ടിലൂടെ കഞ്ചാവ് കടത്തുന്നവരാണ് പിടിക്കപ്പെടുന്നത്. ആഢംബര ജീവിതവും വരുമാനവും സ്വപ്നം കാണുന്ന ചെറുപ്പക്കാർ എളുപ്പം ധനം സമ്പാദിക്കാനുള്ള മാർഗമായി കഞ്ചാവ് കടത്ത് തെരഞ്ഞെടുക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

കഞ്ചാവ് കടത്തുന്നവരെ മാത്രമാണ് അധികൃതർക്ക് പിടികൂടാൻ സാധിക്കുന്നത്. കഞ്ചാവ് കടത്തിനായി മുതൽമുടക്കുന്നവരെ പിടികൂടാൻ പൊലീസിനും എക്‌സൈസിനും സാധിക്കാറില്ല.