Kerala

ബ്ലാക്ക് ഫംഗസ്: സംസ്ഥാനത്ത് 40 പേര്‍ ചികിത്സയില്‍

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 40 ആയി. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ രോഗികൾ. ബ്ലാക്ക് ഫംഗസ് ബാധ ഓരോരുത്തരിലും എങ്ങനെ ഉണ്ടായെന്ന് കണ്ടെത്താനുള്ള ഓഡിറ്റ് ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത് 49 പേർക്കാണ്. ഇതിൽ 9 പേർ മരിച്ചു. നിലവിൽ 40 പേരാണ് വിവിധ ജില്ലകളിലായി ചികിത്സയിലുള്ളത്. മലപ്പുറത്താണ് കൂടുതൽ രോഗികൾ. 11 പേരാണ് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്. കോഴിക്കോട്, തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലും മ്യൂക്കർമൈക്കോസിസ് ബാധിച്ചവരുടെ എണ്ണം കൂടി. കൂടുതൽ സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്രഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഫംഗസ് ബാധ ഓരോരുത്തരിലും എങ്ങനെ ഉണ്ടായെന്ന് അറിയാനുള്ള ഓഡിറ്റിംഗ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ചികിത്സയിലുള്ള രോഗികളിൽ നിന്ന് വിവരം ശേഖരിച്ച് ക്രോഡീകരിക്കും. ബ്ലാക്ക് ഫംഗസിന് പ്രോട്ടോക്കോൾ രൂപീകരിക്കാൻ ആലോചിച്ചിരുന്നെങ്കിലും നിലവിൽ ചികിത്സയ്ക്കായി അന്തർദേശീയ തലത്തിൽ അംഗീകരിച്ച പ്രോട്ടോക്കോൾ തന്നെ പിന്തുടരാനാണ് തീരുമാനം. അനിയന്ത്രിതമായ പ്രമേഹമുള്ളവരിലും രോഗപ്രതിരോധശേഷി കുറഞ്ഞ വരിലുമാണ് ബ്ലാക്ക് ഫംഗസ് കൂടുതൽ ബാധിക്കുന്നത്. സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്ന് ക്ഷാമം തുടരുന്നുണ്ട്. ലൈപോസോമൽ ആംഫോടെറിസിൻ മരുന്നിനാണ് ക്ഷാമം നേരിടുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ മരുന്ന് എത്തിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. 20 രോഗികളാണ് ഇവിടെ ചികിൽസയിലുള്ളത്. ക്ഷാമം നേരിടുന്ന മരുന്നിന് പകരം ആംഫോടെറിസിൻ മരുന്ന് ഡോസ് കുറച്ചു നൽകിയാണ് നിലവിൽ ചികിത്സ. ഇന്ന് മരുന്ന് എത്തിക്കുമെന്ന് മെഡിക്കൽ കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്.