സംസ്ഥാനത്തെ പ്രധാന പാതകൾക്ക് ഇനി 7 വർഷത്തെ കരാർ കാലാവധിയുണ്ടെന്നും ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. DLP BOARD, റണ്ണിംഗ് കോൺട്രാക്ട് എന്നിവയോടൊപ്പം മറ്റൊരു പദ്ധതിക്ക് കൂടി തുടക്കമാവുകയാണ്.
പ്രധാന റോഡുകളുടെ പരിപാലനം ഉറപ്പ് വരുത്തുന്നതിനായി ഔട്ട് പുട്ട് ആൻറ് പെർഫോമൻസ് ബേസ്ഡ് റോഡ് കോൺട്രാക്ട് ഫോർ ദി മെയിൻറനൻസ് (ഓപിബിആർസി) എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ കോട്ടയത്ത് വെച്ച് നടക്കും. ഓപിബിആർസി പദ്ധതിയിൽ ഉൾപ്പെട്ട റോഡുകൾ 7 വർഷത്തേക്ക് പരിപാലിക്കേണ്ടത് പ്രവൃത്തി ഏറ്റെടുത്തവർ ആയിരിക്കും. പെട്ടെന്നുള്ള അറ്റകുറ്റപ്പണികൾ ഉൾപ്പെടെ എല്ലാ പ്രവൃത്തിയും ഇവർ നിർവ്വഹിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
മന്ത്രി മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
സംസ്ഥാനത്തെ പ്രധാന പാതകൾക്ക് ഇനി 7 വർഷത്തെ കരാർ കാലാവധി OPBRC. സംസ്ഥാനതല ഉദ്ഘാടനം നാളെ. ഒരു റോഡ് ഗതാഗത യോഗ്യമല്ലാതായാൽ എസ്റ്റിമേറ്റ്, ഫണ്ട് അനുവദിക്കൽ, ടെണ്ടർ എന്നിങ്ങനെ നടപടിക്രമങ്ങൾ പൂർത്തിയാക്കി റോഡിൻ്റെ അറ്റകുറ്റപ്പണികൾ നിർവ്വഹിക്കാൻ വലിയ കാലതാമസം തന്നെ ഉണ്ടാകുന്നുണ്ട്. അപ്പോഴേക്കും റോഡ് കൂടുതൽ മോശമായ അവസ്ഥയിൽ എത്തും. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്നത് പലരുമായി ചർച്ച ചെയ്തു. അതിനായി ഘട്ടം ഘട്ടമായി ഓരോ പദ്ധതികൾ നടപ്പിലാക്കി.
ഒരു റോഡിൻ്റെ പ്രവൃത്തി കഴിഞ്ഞാൽ അതിന് ഒരു പരിപാലന കാലാവധി ഉണ്ട്. ആ കാലാവധിക്കുള്ളിൽ റോഡിൻ്റെ അറ്റകുറ്റപ്പണികൾ നിർവ്വഹിക്കേണ്ടത് പ്രവൃത്തി നടത്തിയ കരാറുകാരാണ്. പരിശോധിച്ച് നോക്കിയപ്പോൾ ഇത് പലസ്ഥലത്തും കൃത്യമായി നടക്കുന്നില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് DLP ബോർഡുകൾ സ്ഥാപിച്ചത്. ഇന്ന് ഒരു റോഡിൽ അറ്റകുറ്റപ്പണി ആവശ്യം വന്നാൽ ജനങ്ങൾക്ക് പരിപാലന കാലാവധി നോക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിക്കാം.
പരിപാലന കാലാവധി കഴിഞ്ഞ റോഡുകൾക്ക് വേണ്ടിയാണ് റണ്ണിംഗ് കോൺട്രാക്ട് സംവിധാനം കൊണ്ടുവന്നത്. ഒരു നിശ്ചിത കാലാവധിയിൽ റോഡ് കരാറുകാർക്ക് കൈമാറും. പിന്നെ, എസ്റ്റിമേറ്റ്, ടെണ്ടർ നടപടികൾ ഒന്നും ആവശ്യമില്ല. ആ റോഡിൻ്റെ പരിപാലനം കരാറുകാർ നിർവ്വഹിക്കാൻ ബാധ്യസ്ഥരാണ്. ഇവിടെയും പ്രവൃത്തി വിവരങ്ങൾ അടങ്ങിയ ബോർഡ് പൊതുജനങ്ങൾക്കായി സ്ഥാപിക്കുന്നുണ്ട്.
DLP BOARD, റണ്ണിംഗ് കോൺട്രാക്ട് എന്നിവയോടൊപ്പം മറ്റൊരു പദ്ധതിക്ക് കൂടി തുടക്കമാവുകയാണ്. പ്രധാന റോഡുകളുടെ പരിപാലനം ഉറപ്പ് വരുത്തുന്നതിനായി ഔട്ട് പുട്ട് ആൻറ് പെർഫോമൻസ് ബേസ്ഡ് റോഡ് കോൺട്രാക്ട് ഫോർ ദി മെയിൻറനൻസ് (ഓപിബിആർസി) എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ കോട്ടയത്ത് വെച്ച് നടക്കും.
ഈ പദ്ധതിപ്രകാരം റോഡുകൾക്ക് 7 വർഷത്തെ പരിപാലന കാലവധിയാണ് ഉറപ്പ് വരുത്തുന്നത്. അതായത്, ഓപിബിആർസി പദ്ധതിയിൽ ഉൾപ്പെട്ട റോഡുകൾ 7 വർഷത്തേക്ക് പരിപാലിക്കേണ്ടത് പ്രവൃത്തി ഏറ്റെടുത്തവർ ആയിരിക്കും. പെട്ടെന്നുള്ള അറ്റകുറ്റപ്പണികൾ ഉൾപ്പെടെ എല്ലാ പ്രവൃത്തിയും ഇവർ നിർവ്വഹിക്കും.
അറ്റകുറ്റപ്പണികൾ, പെട്ടെന്നുണ്ടാകുന്ന കുഴികൾ, റോഡുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങൾ എന്നിവ വേഗത്തിൽ തന്നെ പരിഹരിക്കുക എന്നതാണ് ഈ പദ്ധതികളുടെ ലക്ഷ്യം.
എം സി റോഡിന്റെ കോടിമത- അങ്കമാലി റീച്ച്, മാവേലിക്കര – ചെങ്ങന്നൂർ റോഡ്, ചെങ്ങന്നൂർ – കോഴഞ്ചേരി റോഡ് എന്നീ റോഡുകളാണ് നാളെ ഉദ്ഘാടനത്തോനുബന്ധിച്ച് ഓപിബിആർസി പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്.
ഉദ്ഘാടന പരിപാടിയിൽ മന്ത്രിമാരായ വി എൻ വാസവൻ, വീണ ജോർജ് തുടങ്ങിയവർ പങ്കെടുക്കും.