India Kerala

ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഏഴ് വയസുകാരന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു

തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഏഴ് വയസ്സുകാരന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. 48 മണിക്കൂറായി വെൻറിലേറ്ററിൽ തുടരുന്ന കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. വെന്റിലേറ്ററിൽ നിന്നും കുട്ടിയെ മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മെഡിക്കൽ ബോർഡ് രൂപീകരിച്ച ശേഷം തീരുമാനിക്കും.

കോലഞ്ചേരി മെഡിക്കൽ കോളജിലെത്തിച്ച കുട്ടിയെ 48 മണിക്കൂർ നിരീക്ഷിച്ചെങ്കിലും പുരോഗതി ഉണ്ടായില്ലന്നാണ് വിദഗ്ദ സംഘം വിലയിരുത്തിയത്. തുടർന്ന് ഇന്ന് രാവിലെ നടത്തിയ സ്കാനിംഗ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് ഡോക്ടർമാർ മസ്തിഷ്ക മരണം സംഭവിച്ചുവെന്ന നിഗമനത്തിൽ എത്തിയത്. നിലവിൽ മരുന്നുകളുടെ സഹായത്താലാണ് ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം നില നിർത്തുന്നത്. തലച്ചോറിന്റെ പ്രവർത്തനത്തിൽ യാതൊരു പുരോഗതിയും ഇല്ലാത്തതിനാൽ വെന്റിലേറ്ററിൽ എത്രനാൾ ജീവൻ നിലനിർത്താനാകുമെന്ന ആശങ്കയിലാണ് മെഡിക്കൽ സംഘം. വെന്റിലേറ്ററിൽ നിന്നും നീക്കം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ മെഡിക്കൽ ബോർഡ് രൂപീകരിച്ചതിന് ശേഷം മാത്രമേ തീരുമാനിക്കാനാവു. ഇക്കാര്യങ്ങൾ എല്ലാം കുട്ടിയുടെ അമ്മയെ അറിയിച്ചതായും ഡോക്ടർമാർ പറഞ്ഞു.

സംഭവത്തില്‍ അറസ്റ്റിലായ പ്രതി അരുൺ ആനന്ദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവം നടന്ന വാടക വീട്ടിലെത്തിച്ച് തെളിവെടുത്ത ശേഷം കോടതിയിൽ ഹാജരാക്കാനാണ് പൊലീസ് തീരുമാനം. കുട്ടിയുടെ വീട്ടില്‍ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് തുടരുകയാണ്.