സംസ്ഥാനത്ത് ഇന്ന് 7 പനി മരണം റിപ്പോർട്ട് ചെയ്തു. ഇതിൽ 3 പേർ ഡെങ്കിപ്പനി ബാധിച്ചും 2 പേർ എലിപ്പനി മൂലവും 2 പേർ എച്ച് വൺ എൻ വൺ ബാധിച്ചുമാണ് മരിച്ചത്. സംസ്ഥാനത്താകെ 10,594 പേർക്കാണ് പനി ബാധിച്ചത്. ഇതിൽ 56 പേർക്ക് ഡെങ്കിപ്പനിയും 16 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.
മഴ കനത്തതോടെ സംസ്ഥാനത്തു പനിബാധിതരുടെ എണ്ണവും ഉയർന്നിരിക്കുകയാണ്. പനി വന്നിട്ടും വീടുകളിൽ സ്വയംചികിത്സ ചെയ്യുന്നവർ ഇപ്പോഴും ഏറെയാണ്. പനി, ചുമ, തലവേദന, ജലദോഷം, പേശിവേദന എന്നിവ ഡങ്കിപ്പനി, എലിപ്പനി, എച്ച് വൺ എൻ വൺ തുടങ്ങിയ രോഗങ്ങളുടെയും ലക്ഷണങ്ങളായതിനാൽ ഡോക്ടറെ കണ്ടു ചികിത്സ തേടണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.
ദുരിദാശ്വാസ ക്യാമ്പുകളില്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനം ഉറപ്പാക്കാനുള്ള നിർദ്ദേശം സർക്കാർ നൽകിയിട്ടുണ്ട്. ഡെങ്കിക്കൊപ്പം എലിപ്പനി വ്യാപനവും വരും ദിവസങ്ങളിൽ രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. എലി മാളങ്ങളിൽ വെള്ളം കയറുന്നതോടെ എലി മൂത്രത്തിലൂടെ രോഗം അതിവേഗം പടരും. ചെളിയിലോ മലിന ജലത്തിലോ ഇറങ്ങിയാല്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ കഴിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.