ഇതോടെ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 63 ആയി. ഇതിൽ 13 പരാതികളിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു.
കാസർകോട് സ്റ്റേഷനിൽ ഒന്നും ചന്തേര സ്റ്റേഷനിൽ 6 ഉം പരാതികളാണ് പുതുതായി രജിസ്റ്റർ ചെയ്തത്. ചെയർമാൻ എം സി കമറുദ്ദീനും മാനേജിംഗ് ഡയറക്ടർ പൂക്കോയ തങ്ങൾക്കുമെതിരെ വഞ്ചന കുറ്റത്തിനാണ് കേസുകൾ.
6 പേരിൽ നിന്നായി നിക്ഷേപമായി വാങ്ങിയ 88,50,000 രൂപ തട്ടിയെന്ന പരാതിയിലാണ് ചന്തേര സ്റ്റേഷനിൽ 6 കേസുകൾ എടുത്തത്. നിക്ഷേപമായി നൽകിയ 1,05,00000 ലക്ഷം തട്ടിയെന്ന ചെറുവത്തൂർ സ്വദേശിയുടെ പരാതിയിൽ കാസർകോട് ടൗൺ സ്റ്റേഷനിലും കേസ് എടുത്തു. ചന്തേര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 13 കേസുകളിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പരാതിക്കാരുടെ മൊഴികൾ സംഘം രേഖപ്പെടുത്തി. ബാക്കി കേസുകൾ കൂടി ക്രൈംബ്രാഞ്ചിന് ഉടൻ കൈമാറും. കേസുകളുടെ എണ്ണം കൂടുന്നതോടെ അന്വേഷണ സംഘത്തെ വിപുലപ്പെടുത്താനാണ് തീരുമാനം.