Kerala

ഒരാഴ്ചക്കിടെ 64 പേര്‍: സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ 200 കടന്നു

മരിച്ച 7 പേർ 18 – 40 നുമിടയിൽ പ്രായമുളളവരും 52 പേർ 41 നും 59 നുമിടയിലുള്ളവരുമാണ്. 24.63 % പേർക്കും രോഗ ഉറവിടം അവ്യക്തമാണ്.

കോവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ 200 കടന്നു. ആരോഗ്യ വകുപ്പിന്‍റെ ഔദ്യോഗിക കണക്ക് പ്രകാരം 203 പേരാണ് മരിച്ചത്. ഒരാഴ്ചക്കിടെ 64 പേരുടെ ജീവനുകളാണ് കോവിഡ് അപഹരിച്ചത്.

ഒരേസമയം ചികിത്സയിലുള്ളവരുടെ എണ്ണം 35,000 വരെയാകുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ പുതിയ വിലയിരുത്തൽ. 203 മരണങ്ങളിൽ 132 പേരും അറുപതു വയസിനു മുകളിലുള്ളവരാണെന്നത് റിവേഴ്സ് ക്വാറന്‍റൈൻ ശക്തിപ്പെടുത്തണമെന്നാണ് വിലയിരുത്തൽ.

മരിച്ച 7 പേർ 18 – 40 നുമിടയിൽ പ്രായമുളളവരും 52 പേർ 41 നും 59 നുമിടയിലുള്ള വരുമാണ്. 24.63 % പേർക്കും രോഗ ഉറവിടം അവ്യക്തമാണ്. 64.53% പേർക്ക് പ്രാദേശിക സമ്പക്കർത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. പുറത്തു നിന്നുവന്ന വർ 10 ശതമാനം മാത്രമേയുള്ളു. ഔദ്യോഗിക കണക്കുകൾ ഇതാണെങ്കിലും മരണശേഷമോ മുമ്പോ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 350 കടന്നു.

എല്ലാ ദിവസവും 1500 നു മുകളിൽ പ്രതിദിന രോഗബാധ റിപ്പോർട്ട് ചെയ്ത ഒരാഴ്ച കൊണ്ട് മാത്രം 12905 പുതിയ രോഗികളുണ്ടായി. അതേസമയം ഗുരുതരാവസ്ഥയിലുള്ളവർ ആകെ രോഗബാധിതരുടെ ഒരു ശതമാനം മാത്രമാണെന്നതാണ് ആശ്വാസം. മാസാവസാനം പ്രതിദിന രോഗബാധ 3500ലേയ്ക്കെത്തുമെന്നും സെപ്റ്റംബറോടെ പരമാവധി 5000 വരെയാകുമെന്നുമാണ് ആരോഗ്യ വകുപ്പിന്റെ ഇപ്പോഴുള്ള കണക്ക് കൂട്ടൽ.