Kerala

കെ.എസ്.ആര്‍.ടി.സിയില്‍ പെയിന്‍റ് വാങ്ങിയതിലും ക്രമക്കേട്; 6 കോടിക്ക് മുകളില്‍ നഷ്ടം

കെ.എസ്.ആര്‍.ടി.സിയില്‍ അഴിമതിക്ക് കളമൊരുക്കുന്ന മറ്റൊരു വഴിയാണ് പെയിന്‍റ് വാങ്ങിക്കല്‍. ഇപ്പോഴുണ്ടായ 100 കോടിയുടെ തിരിമറി നടന്ന അതേ സമയത്ത് പെയിന്റ് വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന് കണ്ടെത്തിയതാണ്. തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടത്തിയെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടിയൊന്നുമുണ്ടായില്ല.

2011 മുതല്‍ 2013 വരെ പെയിന്‍റ് വാങ്ങിയതില്‍ കെ.എസ്.ആര്‍.ടി.സിയുടെ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തുകയുണ്ടായി. ഗുണനിലവാരം കുറഞ്ഞ പെയിന്‍റ് ഉപയോഗിച്ചതിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കോര്‍പ്പറേഷന് ഉണ്ടായത്. 2011ല്‍ 2.12 കോടി, 2012ല്‍ 2.17 കോടി, 2013ല്‍ 2.19 കോടി രൂപയുടെ നഷ്ടമുണ്ടായി.

അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ അന്ന് ഗതാഗത മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് അന്വേഷണത്തിന് ഉത്തരവിട്ടു. കേസ് വിജിലന്‍സിന് കൈമാറി. പക്ഷേ 2017ല്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ വിചിത്രമായ കാര്യമാണ് കണ്ടെത്തിയത്. ഉദ്യോഗസ്ഥരുടെ മൊഴി പ്രകാരം പെയിന്‍റിന്‍റെ ഗുണനിലവാരം പരിശോധിക്കാന്‍ വേണ്ട സംവിധാനങ്ങള്‍ കെ.എസ്.ആര്‍.ടി.സി.യില്‍ ഇല്ല. അന്വേഷണവും അവസാനിപ്പിച്ചു. കോര്‍പ്പറേഷന്‍റെ 6 കോടിയോളം രൂപ അങ്ങനെ വെറുതെ പെയിന്‍റടിച്ച് ആവിയാക്കി. പെയിന്‍റിന് ഗുണനിലവാരമില്ലെന്ന് ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞ ഒരു എം പാനല്‍ ജീവനക്കാരനെ മിനിട്ടുകള്‍ക്കുള്ളില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ചരിത്രവും കോര്‍പ്പറേഷനിലുണ്ട്.