Kerala

500 കോടിയുടെ ക്രമക്കേട്; വകുപ്പ് മന്ത്രി ശരിവെച്ച സി.ബി.ഐ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളി

പ്രോസിക്യൂഷന്‍ അനുമതി നല്‍കണമെന്ന് മന്ത്രിഫയലില്‍ കുറിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് ആര്‍. ചന്ദ്രശേഖരന്‍ കശുവണ്ടിവികസന കോര്‍‌പ്പറേഷന്‍ ചെയര്‍മാനായിരിക്കേ 500 കോടിയുടെ തട്ടിപ്പ് നടത്തിയതായിരുന്നു പരാതി

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സി.ബി.ഐ അപേക്ഷ സര്‍ക്കാര്‍ തള്ളിയത് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മയുടെ നിര്‍ദ്ദേശം മറികടന്ന്. പ്രോസിക്യൂഷന്‍ അനുമതി നല്‍കണമെന്ന് മന്ത്രി ഫയലില്‍ കുറിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് ആര്‍. ചന്ദ്രശേഖരന്‍ കശുവണ്ടി വികസന കോര്‍‌പ്പറേഷന്‍ ചെയര്‍മാനായിരിക്കേ 500 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു പരാതി.

2006 മുതല്‍ 2015 വരെയുള്ള കാലയളവില്‍ വിദേശത്ത് നിന്നും കശുവണ്ടി ഇറക്കുമതി ചെയ്യുന്നതില്‍ വന്‍ അഴിമതി നടന്നുവെന്നും ഇതുവഴി 500 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നുമൊരു പരാതി ഹൈക്കോടതിയുടെ മുന്നിലേക്ക് വരികയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അഞ്ച് വര്‍ഷത്തിന് മുമ്പ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

അ‍ഞ്ച് വര്‍ഷത്തെ അന്വേഷണത്തിന് ശേഷം കുറച്ച് നാളുകള്‍ക്കു മുമ്പ് സംസ്ഥാന സര്‍ക്കാരിന് മുന്നിലേക്ക് അന്വേഷണ സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വകുപ്പ് മന്ത്രിയായ ജെ. മെഴ്സിക്കുട്ടിയമ്മ റിപ്പോര്‍ട്ട് ശരിവെച്ചു സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു. എന്നാല്‍ സര്‍ക്കാരിലേക്ക് ഇത് എത്തിയപ്പോള്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി. ഈ നിയമോപദേശത്തിലാണ് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്ന നിപാടിലേക്ക് സംസ്ഥാന സര്‍ക്കാര്‍ എത്തിയത്.