Kerala

ബ്രഹ്മപുരത്ത് തീ കത്താത്ത ഇടത്ത് മാലിന്യം തള്ളി മുഖം രക്ഷിക്കാൻ കോർപ്പറേഷൻ

ബ്രഹ്മപുരത്ത് തീ കത്താത്ത ഇടത്ത് മാലിന്യം തള്ളി മുഖം രക്ഷിക്കാൻ കോർപ്പറേഷൻ. 50 ലോഡ് മാലിന്യമാണ് രാത്രി എത്തിയത്. പ്ലസ്റ്റിക്കും ജൈനവ മാലിന്യവും വേർതിരിക്കാതെ തള്ളുകയാണെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധത്തിലാണ്. പൊലീസ് സഹായത്തോടെയാണ് ലോറികൾ എത്തിയത്.

50 ലോറികളിലായാണ് മാലിന്യം പ്ലാന്റിൽ എത്തിച്ചത്. എന്നാൽ ലോറികൾ തടഞ്ഞ നാട്ടുകാർ പ്രതിഷേധവുമായി രം​ഗത്തെത്തി. തുടർന്ന് പൊലീസ് സംരക്ഷണത്തിലാണ് ലോറികൾ പ്ലാന്റിലെത്തിച്ചത്. പ്രതിഷേധം കാരണം അമ്പലമേട് ഭാഗത്തേക്ക് മാലിന്യം എത്തിക്കാൻ കഴിയാതെ വന്നതോടെയാണ് ബ്രഹ്മപുരത്തേയ്ക്ക് തന്നെ കൊണ്ടുവന്നത്. മഹാരാജാസ് കോളജ് പരിസരത്ത് നിന്ന് പുലർച്ചെ രണ്ടു മണിയോടെ ആണ് മാലിന്യവുമായി ലോറികൾ പ്ലാന്റിലെത്തിച്ചത്.

ബ്രഹ്മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന മാലിന്യശേഖരണം ഹൈക്കോടതിയുടെ നിർദേശത്തോടെ പുനരാരംഭിച്ചിരുന്നു. തീപിടിത്തം ഉണ്ടായശേഷം ആദ്യമായാണ് ജൈവമാലിന്യം പ്ലാന്റിലേക്ക് എത്തിക്കുന്നത്. അതേസമയം ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതി സ്ഥലത്ത് സന്ദർശനം നടത്തുകയാണ്. രാവിലെ പത്ത് മണിക്ക് ശുചിത്വ മിഷൻ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്.

അതിനിടെ ജില്ലയിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ സർക്കാർ കര്‍മ്മ പദ്ധതി പ്രഖ്യാപിച്ചു. എറണാകുളം ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ മന്ത്രി എം.ബി രാജേഷാണ് കര്‍മ്മ പദ്ധതി പ്രഖ്യാപിച്ചത്. മാര്‍ച്ച് 11ന് ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ മാലിന്യമുക്തമായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്ന് മാസത്തോളം നീണ്ടു നില്‍ക്കുന്ന ഏഴിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്.