Kerala

സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 140 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 64 പേര്‍ക്കുമാണ് രോഗം വന്നത്

സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 162 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 140 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 64 പേര്‍ക്കുമാണ് രോഗം വന്നത്. 144 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 18 കേസുകളാണ് ഇന്നുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍ 5, ഡിഎസ്‌സി 10, ബിഎസ്എഫ് 1. ഐടിബിപി 77 ഫയര്‍ഫോഴ്‌സ് 4, കെഎസ്‌സി 3 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാലക്കാട് 19, ആലപ്പുഴ 119, എറണാകുളം 15, മലപ്പുറം 47, തിരുവനന്തപുരം 63 , പത്തനംതിട്ട 47, വയനാട് 14, കണ്ണൂര്‍ 44 , കോട്ടയം 10, കൊല്ലം 33, കോഴിക്കോട് 16 , തൃശ്ശൂര്‍, കാസര്‍ഗോഡ് 09, ഇടുക്കി 04 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്.

24 മണിക്കൂറിനിടെ 12230 സാമ്പിളുകള്‍ പരിശോധിച്ചു. 1,80,594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4376 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍. ഇന്ന് 713 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഏറ്റവും കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഇന്നാണ്. ഇതുവരെ 2,44,388 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5407 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 223 ആയി. തിരുവനന്തപുരം നഗരത്തിലെ മാണിക്കവിളാകം, പൂന്തുറ, പുത്തന്‍പള്ളി വാര്‍ഡുകളും ചവറ, പന്മന, പട്ടണക്കാട്, എടക്കരപ്പള്ളി, ചേര്‍ത്തല സൗത്ത്, മാരാരിക്കുളം നോര്‍ത്ത്, കോടന്തുരുത്ത്. തുറവൂര്‍ ആറാട്ടുപുഴ, ചെല്ലാനം വെളിയംകോട് പെരുമ്പടപ്പ പഞ്ചായത്തുകളിലേയും പൊന്നാനി താനൂര്‍ മുന്‍സിപ്പാലിറ്റികളിലെ എല്ലാ വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആലപ്പുഴയിൽ 77 ഐടിബിപി ജവാന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ 10 ഡിഎസ്‌സി ജവാന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 51 കോവിഡ് ക്ലസ്റ്ററുകളുണ്ട്. രണ്ട് ലാർജ് കോവിഡ് ക്ലസ്റ്ററുകൾ ഉൾപ്പെടെയാണിത്. കോവിഡ് ഭീഷണി ശക്തമാകുന്നു. ഇതു വരെ ചെയ്ത പോലെ ബഹുജനങ്ങളുടെ സഹകരണത്തോടെ ഇതിന് തടയിടാൻ സാധിക്കണം. ഇതുവരെ ഇക്കാര്യത്തിൽ സംസ്ഥാനം മാതൃക സൃഷ്ടിച്ചു.

കോവിഡ് മരണനിരക്ക് പരിശോധിച്ചാൽ‌ സംസ്ഥാനത്തിന്റെ പ്രവർത്തനം എത്ര മെച്ചപ്പെട്ടതാണെന്നു മനസിലാകും. മരണനിരക്ക്, രോഗവ്യാപനം, പരിശോധന, രോഗമുക്തി നിരക്ക് എന്നിവയിൽ സംസ്ഥാനം മികച്ച നിലയിലാണ്. മരണനിരക്ക് 0.39 ശതമാനം മാത്രമാണ്. രോഗവ്യാപനം തടയുന്നതിൽ സംസ്ഥാനം ഏറെ മുന്നിലാണ്. ഒരു ദിവസത്തെ മരണനിരക്കും നാമമാത്രം– മുഖ്യമന്ത്രി പറഞ്ഞു.