Kerala

പട്ടാമ്പിയില്‍ കോവിഡ് പടര്‍ന്നു പിടിക്കുന്നു; 10 വയസില്‍ താഴെയുള്ള കുട്ടികള്‍ ഉൾപ്പെടെ 38 പേർക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

ജില്ലയിൽ കഴിഞ്ഞ ദിവസം 51 പേർക്കാണ് കോവിഡ് പോസിറ്റീവായത്

പാലക്കാട് പട്ടാമ്പിയിൽ കോവിഡ് 19 പടർന്ന് പിടിക്കുന്നു. പത്ത് വയസിൽ താഴെ ഉള്ള 9 കുട്ടികൾക്ക് ഉൾപെടെ 38 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ജില്ലയിൽ കഴിഞ്ഞ ദിവസം 51 പേർക്കാണ് കോവിഡ് പോസിറ്റീവായത്.

പട്ടാമ്പി മത്സ്യ മാർക്കറ്റിൽ നിന്നും പടർന്ന് പിടിച്ച കോവിഡ് നിരവധി പേരെ ബാധിച്ചു. പുതുതായി 38 പേർക്ക് കോവിഡ് പോസിറ്റീവായത്. കുട്ടികൾക്ക് രോഗം പടരുന്നത് വലിയ ആശങ്കയാണ് ഉയർത്തുന്നത്. തിരുമിറ്റക്കോട് നടത്തിയ ആന്‍റിജന്‍ ടെസ്റ്റിൽ ഒരു വയസ്സ് തികയാത്ത രണ്ട് കുട്ടികൾക്കും, 4 വയസുകാരനും 5 വയസുകാരനും രോഗം സ്ഥിരീകരിച്ചു. മുതുതലയിലെ പരിശോധനയിൽ 4 വയസുകാരനും 9 വയസുകാരനും രോഗം കണ്ടെത്തി. പട്ടിത്തറയിൽ 3 വയസുള്ള കുട്ടിക്ക് കോവിഡ് പോസിറ്റീവായി.ഓങ്ങലൂരിൽ 5 ഉം 8 ഉം വയസുള്ള കുട്ടികൾക്കും കോവിഡ് സ്ഥിരീകരിച്ചു.

പട്ടാമ്പി പട്ടണത്തിൽ താമസിക്കുന്ന 7 വയസു ഉള്ള കുട്ടിക്കും രോഗം ഉണ്ട്. പട്ടാമ്പി താലൂക്കിലേത് കൂടാതെ കൊടുവായൂർ സ്വദേശിക്കും സമ്പർക്കത്തിലൂടെ രോഗം വന്നു. കഞ്ചിക്കോട് സ്വദേശിയായ 22കാരന് രോഗം വന്നതിന്‍റെ ഉറവിടം കണ്ടെത്താനായില്ല. വിദേശ രാജ്യങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർക്കും കോവിഡ് പോസിറ്റീവായി. ജില്ലയിൽ ഇന്നലെ 51 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.