പാലക്കാട് എലപ്പുള്ളിയിലെ മൂന്ന് വയസുകാരന്റെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് കുട്ടിയുടെ മുത്തച്ഛന്‍. കുട്ടിയുടെ അമ്മ തനിച്ചല്ല കൊലപാതകം നടത്തിയതെന്ന് മുത്തച്ഛന്‍ ഇബ്രാഹിം ട്വന്റിഫോറിനോട് പറഞ്ഞു. അറസ്റ്റിലായ ആസിയയുടെ സഹോദരിക്കും സഹോദരീ ഭര്‍ത്താവിനും സംഭവത്തില്‍ പങ്കുണ്ട്. കേസില്‍ സമഗ്ര അന്വേഷണം വേണമെന്നും ഇബ്രാഹിം പ്രതികരിച്ചു.
‘അമ്മയ്ക്ക് മാത്രമല്ല, മറ്റ് മൂന്ന് പേര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ട്. മൂന്നുപേരെയും പൊലീസ് ചോദ്യം ചെയ്യണം. ഞങ്ങള്‍ക്ക് നീതി കിട്ടണം. ആരുടെ കൂടെ പോകണമെങ്കിലും പൊയ്‌ക്കോട്ടെ. ആ കുഞ്ഞിനെ ഇവിടെ ഏല്‍പ്പിച്ചിട്ട് പൊയ്ക്കൂടായിരുന്നോ?.
ഒരു പവന്റെ മാല കളഞ്ഞുപോയെന്ന് പറഞ്ഞാണ് അവള്‍ പോയത്. പക്ഷേ പിന്നീട് വിളിച്ച് ഇനി തിരിച്ചുവരില്ലെന്ന് പറഞ്ഞു. പള്ളിമുഖാന്തരവും സംസാരിച്ചുനോക്കി. പക്ഷേ കാര്യമുണ്ടായില്ല. ആറുമാസമോ ഒരു വര്‍ഷമോ മറ്റോ കഴിയുമ്പോള്‍ എല്ലാം ശരിയാകുമെന്നാണ് കരുതിയത്’. മുത്തച്ഛന്‍ ഇബ്രാഹിം പറഞ്ഞു.
ഇന്നലെയാണ് സ്വന്തം മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ചുട്ടിപ്പാറ സ്വദേശി ആസിയ അറസ്റ്റിലായത്. എലപ്പുള്ളി ചുട്ടിപ്പാറ, വേങ്ങോടി ഷമീര്‍മുഹമ്മദിന്റെ മകനാണ് കൊല്ലപ്പെട്ട ഷാനു. ഇന്നലെ രാവിലെ ഷാനുവിനെ അമ്മയുടെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആദ്യം കുട്ടി ഈന്തപ്പഴം കഴിച്ചപ്പോള്‍ തൊണ്ടയില്‍ കുടുങ്ങിയതാണെന്നും പിന്നീട് കുട്ടിക്ക് ശ്വാസംമുട്ടലുണ്ടായെന്നുമാണ് അമ്മ നല്‍കി മൊഴി. ഇതില്‍ സംശയം തോന്നിയ പൊലീസ് ആസിയയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം സമ്മതിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പറയുന്നുണ്ട്.
രണ്ടു വര്‍ഷത്തോളമായി ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന ആസിയയ്ക്ക് മറ്റൊരു യുവാവുമായി പ്രണയമുണ്ടായിരുന്നു. തങ്ങളുടെ ബന്ധത്തിന് കുഞ്ഞ് തടസ്സമാകും എന്ന് കരുതിയാണ് ആസിയ ഷാനുവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.