ഡല്‍ഹി കരോള്‍ ബാഗിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. വിദ്യാസാഗറിന്റെയും നളിനയമ്മയുടെയും സംസ്കാരം ചേരാനെല്ലൂരും ജയശ്രീയുടെ സംസ്കാരം ചോറ്റാനിക്കരയുമായിരിക്കും നടക്കുക. തീപിടിത്തമുണ്ടായ ഹോട്ടലിലെ ഉടമകള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.
വിവാഹാഘോഷത്തിന് ശേഷം ഡല്‍ഹിയിലെത്തിയ ബന്ധുക്കളെല്ലാം രണ്ട് ദിവസം ഹരിദ്വാറിലേക്ക് യാത്ര പുറപ്പെടാനിരിക്കെയായിരുന്നു ദുരന്തം. ജനല്‍ ചില്ല് തകര്‍ത്താണ് സംഘത്തിലുണ്ടായിരുന്ന പത്ത് പേരെയും അഗ്നിശമനസേ രക്ഷപ്പെടുത്തിയത്. മറ്റ് മൂന്ന് പേരും സഹായം എത്തും മുമ്പ് തന്നെ മരിക്കുകയായിരുന്നു. ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ലേഡി ഹാര്ഡിങിലാണ് മൃതദേഹങ്ങള്‍ എംബാം ചെയ്തത്. അപകടം നടന്ന അര്‍പ്രീത് ഹോട്ടലില്‍ യാതൊരു സുരക്ഷാസംവിധാനവും ഉണ്ടായിരുന്നില്ലെന്നാണ് ഉയരുന്ന ആരോപണം. അടിയന്തര രക്ഷാ വാതില്‍ രാത്രി അടച്ചിട്ടതും ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാതാക്കി. ഹോട്ടല്‍ ഉടമകള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു. സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണവും ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റ പലരും ഇപ്പോഴും ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്.