India Kerala

അതിവേഗ സ്പെഷ്യല്‍ കോടതികള്‍ക്ക് അനുമതിയെന്ന് കെ.കെ ശൈലജ

കേരളത്തില്‍ 28 പോക്സോ അതിവേഗ സ്പെഷ്യല്‍ കോടതികള്‍ ആരംഭിക്കാന്‍ കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് പോക്സോ കോടതികള്‍ സ്ഥാപിക്കുന്നത്.

കേരളത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെ പശ്ചാതലത്തിലാണ് കോടതികള്‍ സ്ഥാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണത്തിലിരിക്കുന്നതും വിചാരണഘട്ടത്തിലിരിക്കുന്നതുമായ നിരവധി കേസുകളാണ് സംസ്ഥാനത്തുള്ളത്. ഈ കേസിന്റെ നടപടികള്‍ക്ക് കാലതാമസം വരുന്നെന്ന് സംസ്ഥാനം കേന്ദ്രസര്‍ക്കാറിനെ ബോധിപ്പിച്ചിരുന്നു.

ഇതിന്റെ കൂടി അടിസ്ഥാനത്തിലാണിപ്പോള്‍ കേന്ദ്ര നീതിന്യായ മന്ത്രാലയം കോടതികള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. 28 പോക്‌സോ കോടതികള്‍ അനുവദിക്കുന്നതോട് കൂടി കേരളത്തിലെ എല്ലാ ജില്ലകളിലും പോക്‌സോ കോടതികള്‍ ലഭ്യമാവുമെന്നാണ് ആരോഗ്യ മന്ത്രി അറിയിക്കുന്നത്. ഇതിന്റെ 40 ശതമാനം ചെലവ് സംസ്ഥാന സര്‍ക്കാറും 60 ശതമാനം കേന്ദ്രസര്‍ക്കാറുമാണ് വഹിക്കുക.