Kerala

സംസ്ഥാനത്ത് 271 ഹോട്സ്പോട്ടുകള്‍; ആകെ ക്ലസ്റ്ററുകൾ 84

കേരളത്തില്‍ നിലവിലുള്ള ക്ലസ്റ്ററുകളുടെ എണ്ണം 84 ആണ്. അതില്‍ 10 എണ്ണം ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളാണെന്ന് മുഖ്യമന്ത്രി അറിയിച്ചു

സംസ്ഥാനത്തെ ആകെ ഹോട്സ്പോട്ടുകളുടെ എണ്ണം 271 ആയി ഉയര്‍ന്നു. കേരളത്തില്‍ നിലവിലുള്ള ക്ലസ്റ്ററുകളുടെ എണ്ണം 84 ആണ്. അതില്‍ 10 എണ്ണം ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇവിടങ്ങളില്‍ ശ്രദ്ധയിൽപെടാതെ രോഗം വ്യാപിക്കുന്ന ഇടങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ രോഗികളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അവരവരുടെ പ്രദേശങ്ങളില്‍ രോഗികളുണ്ടെന്നു വിചാരിച്ച് തന്നെ പ്രതിരോധ പ്രവർത്തനം നടത്തണമെന്നും മുന്‍കരുതല്‍ സ്വീകരിക്കണെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ശാരീരിക അകലം നിർബന്ധമായി പാലിക്കണം, കൈകഴുകൽ, മാസ്ക് ധരിക്കൽ എന്നീ ബ്രേക്ക് ദ് ചെയിൻ രീതികൾ ശരിയായ രീതിയിൽ പിന്തുടരണം. രോഗികളാകുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും അകറ്റിനിർത്താതിരിക്കാന്‍ ശ്രദ്ധ കാണിക്കണം. മുഖ്യമന്ത്രി പറഞ്ഞു.

കമ്പോളങ്ങൾ വ്യാപാരസ്ഥാപനങ്ങൾ, ആശുപത്രികൾ ഇവയെല്ലാം കേന്ദ്രീകരിച്ച് രോഗവ്യാപനം നടക്കുന്നുവെന്നാണ് തിരുവനന്തപുരത്ത് നിന്നും മനസിലാകുന്നത. പൊതുജനങ്ങൾ കൂട്ടത്തോടെ എത്തുന്നത് ഒഴിവാക്കണം, ആളുകളെത്തുന്ന സ്ഥലങ്ങളിൽ സാനിറ്റൈസർ സ്ഥാപിക്കണം, സമൂഹത്തിൽ രോഗം പടരാതിരിക്കുന്നതിനും അവശരായവരെ സംരക്ഷിക്കാനും എല്ലാവരും മുൻഗണന കൊടുക്കണം. കോവിഡിന്‍റെ ഗുരുതരാവസ്ഥ മനസ്സിലാക്കി ബഹുജന, മഹിളാ, ശാസ്ത്ര, യുവജന സംഘടനകളെല്ലാം ബ്രേക്ക് ദ് ചെയ്തിൻ മൂന്നാംഘട്ട പ്രചരണ പരിപാടി വിജയിപ്പിക്കുന്നതിന് മുന്നോട്ടു വരണം. എന്നീ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി മുന്നോട്ടുവെച്ചു. ടെസ്റ്റുകളുടെ എണ്ണം പരമാവധി വർധിപ്പിക്കുകയാണെന്നും അതിവേഗം ഫലം ലഭ്യമാക്കാനുള്ള നടപടികളും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന് ആവശ്യമായ മനുഷ്യ വിഭവശേഷി വർധിപ്പിക്കും. സ്വകാര്യ ലാബുകൾ പരമാവധി ഉപയോഗിക്കും. പരിശോധനാ കേന്ദ്രങ്ങൾ തുടങ്ങുന്നതിന് അടിയന്തര പ്രാധാന്യം നൽകും.

എല്ലാ പഞ്ചായത്തുകളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സ്ഥാപിക്കാനുള്ള പ്രവർത്തനം നടക്കുകയാണ്. 100 കിടക്കകളുള്ള സെന്‍ററാണ് ഓരോ പഞ്ചായത്തിലും തുടങ്ങുക. ഇതിന്‍റെ നടത്തിപ്പിന് ആവശ്യമായ ആരോഗ്യ പ്രവർത്തകരെയും കണ്ടെത്തും. ആരോഗ്യ പ്രവര്‍ത്തകരെ അണിനിരത്തി പ്രതിരോധ പ്രവർത്തനം വിപുലപ്പെടുത്താനാണ് തീരുമാനം. ഏതു നിമിഷവും സേവനം ലഭ്യമാകുന്ന രീതിയിൽ സേനയെ പോലെ പ്രവർത്തിക്കുന്ന സംവിധാനമാണ് ഉണ്ടാക്കാന്‍ പദ്ധതി ഇടുന്നത്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും പ്രവർത്തിക്കുന്നവരും, ആരോഗ്യ മേഖലയിൽ ഉപയോഗിക്കാൻ കഴിയുന്ന വിദ്യാർഥികളുൾപ്പെടെയുള്ളവരെയും ഉൾക്കൊള്ളുന്ന സംവിധാനം കൊണ്ടാണു മുന്നേറാൻ കഴിയുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ഇന്ന് 339 പേർക്കാണ് രോഗബാധ. 5 ആരോഗ്യപ്രവർത്തകർക്കും രോഗമുണ്ട്. ഉറവിടം അറിയാത്ത് 16 പേർ വേറെയും. ഒരു ഹൈപ്പർമാർക്കറ്റില്‍‌‍ ജോലി ചെയ്യുന്ന 61 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. 91 പേർക്ക് പരിശോധന നടത്തിയപ്പോഴാണ് ഇത്. ഇന്ന് അതേ സ്ഥാപനത്തിലെ 81 സാംപിളുകൾ ടെസ്റ്റ് ചെയ്തതിൽ 17 എണ്ണം പോസിറ്റീവ് ആണ്. ഗുരുതരമായ സ്ഥിതിവിശേഷമാണ്, അവിടെ നിന്നുള്ള ഫലം ഇനിയും വരാനുണ്ട്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് നൂറു കണക്കിന് പേരാണ് ഈ ഹൈപ്പർമാർക്കറ്റിൽ വന്നുപോകുന്നത്. ഇവരെ കണ്ടെത്തി കോവിഡ് പരിശോധന നടത്തുകയെന്നതു ബുദ്ധിമുട്ടേറിയ കാര്യമാണ്.