തിരുവനന്തപുരം വര്‍ക്കലയില്‍ 16 കാരിയെ യുവാവ് മര്‍ദിച്ചത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനല്ലെന്ന് കുടുംബം. കൃഷ്ണരാജ് കഴിഞ്ഞ രണ്ടു വര്‍ഷമായി പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. കൃഷ്ണരാജിന് മേല്‍ ചുമത്തിയത് കള്ളക്കേസെന്നും കുടുംബം പറഞ്ഞു.
തിങ്കളാഴ്ചയാണ് വര്‍ക്കല വെട്ടൂരില്‍ വെച്ച് വിളഭാഗം സ്വദേശി കൃഷ്ണരാജ് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ കൃഷ്ണരാജിനെതിരെ പോക്‌സോ വകുപ്പും ചുമത്തി. എന്നാല്‍ പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നെന് കൃഷ്ണരാജിന്റെ മാതാവ് പറഞ്ഞു. ചിലര്‍ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്ന ദൃശ്യം മൊബൈലില്‍ പകര്‍ത്തുന്നത് കണ്ട കൃഷ്ണരാജ് അവരുമായി തര്‍ക്കത്തിലേര്‍പ്പെട്ടെന്നും അവരാണ് കേസ് വഷളാക്കിയതെന്നും മാതാവ് പറഞ്ഞു.
അതേസമയം പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് കൃഷ്ണരാജ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചതെന്ന് വര്‍ക്കല പൊലീസ് പറഞ്ഞു. അഞ്ചുമാസം മാസം മുന്‍പ് കൃഷ്ണരാജ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് വര്‍ക്കല പൊലീസ് പറയുന്നത്. കൃഷ്ണരാജിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.