ഡിവൈഎഫ്ഐ പ്രവർത്തകരെ പുകഴ്ത്തിയതിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യൂത്ത് കോൺഗ്രസിന്റെ പ്രവർത്തനം മോശമാണെന്ന് എവിടേയും പറഞ്ഞിട്ടില്ലെന്നും രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളികളാകണമെന്നാണ് ഉദ്ദേശിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി. ഡിവൈഎഫ്ഐയുടെ പൊതിച്ചോറുമായി ബന്ധപ്പെട്ട് പറഞ്ഞതെല്ലാം സദുദ്ദേശത്തോടെയായിരുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
യൂത്ത് കോൺഗ്രസ് പ്രാദേശിക തലത്തിൽ കൂടുതൽ സജീവമാകണമെന്നും കൊവിഡ് കാലത്തും നാട്ടിൽ സജീവമായത് ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നുമായിരുന്നു യൂത്ത് കോൺഗ്രസ് കാസർഗോഡ് ജില്ലാ സമ്മേളനത്തിൽ ചെന്നിത്തലയുടെ പ്രതികരണം. ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം മാതൃകയാക്കി പ്രവത്തിക്കണം. കൊവിഡ് സമയത്ത് യൂത്ത് കോൺഗ്രസ് ഉണ്ടാക്കിയ യൂത്ത് കെയറിൽ ‘കെയർ’ ഉണ്ടായിരുന്നില്ലെന്നും ചെന്നിത്തല പരിഹസിച്ചിരുന്നു.
ഇതിനിടെ ഡിവൈഎഫ്ഐയെ പുകഴ്ത്തിയ ചെന്നിത്തലക്ക് റഹീം നന്ദി പറഞ്ഞു. രമേശ് ചെന്നിത്തലയുടെ ഡിവൈഎഫ്ഐയെ കുറിച്ചുള്ള നല്ല വാക്കുകൾക്ക് നന്ദിയെന്ന് റഹീം കുറിച്ചു. നേരത്തെ കെ സുധാകരനും സമാന സ്വഭാവമുള്ള തുറന്നു പറച്ചിൽ നടത്തിയിട്ടുണ്ട്. നിസ്വാർത്ഥമായി നല്ല കാര്യങ്ങൾ ചെയ്യാൻ യൂത്ത് കോൺഗ്രസിനും സാധിക്കട്ടെയെന്നും റഹീം കുറിച്ചു.