Kerala

സാമ്പത്തിക പ്രതിസന്ധിയിലും ധൂർത്തിനു കുറവില്ല; എസി വാങ്ങാനായി സംസ്ഥാന സർക്കാർ അനുവദിച്ചത് 17 ലക്ഷം രൂപ.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന് ആവർത്തിക്കുമ്പോഴും ധൂർത്ത് കുറയ്ക്കാതെ സർക്കാർ. കഴിഞ്ഞ ഒരാഴ്ചക്കിടെ വിവിധ വകുപ്പുകൾക്കായി എസി വാങ്ങാൻ അനുവദിച്ചത് 17 ലക്ഷം രൂപയാണ്. തുക അനുവദിച്ച് 4 ഉത്തരവുകൾ പുറത്തിറങ്ങി.

സാമ്പത്തിക പ്രതിസന്ധിയുടെ കണക്ക് നിരത്തുന്ന സർക്കാർ ജനങ്ങൾ മുണ്ട് മുറുക്കിയുടുക്കണമെന്നാണ് ആവർത്തിച്ച് ആവശ്യപ്പെടുന്നത്. പക്ഷേ, സർക്കാരിന് അതൊന്നും ബാധകമല്ലെന്നതിൻറെ തെളിവാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഈ ഉത്തരവുകളിൽ നിന്ന് വ്യക്തമാകുന്നത്.

ഭരണസിരാകേന്ദ്രത്തിലെ വിവിധ വകുപ്പുകളിൽ പുതിയ എസികൾ വാങ്ങാനായി 17 ലക്ഷത്തി പതിനെണ്ണായിരം രൂപയാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ സർക്കാർ അനുവദിച്ചത്. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിൻറെ ഭാഗമായ സ്ട്രെയ്റ്റ് ഫോർവേഡ് ഓഫീസിൽ പുതിയ എസി വാങ്ങാനായി അനുവദിച്ചത് 74,000 രൂപ. പിആർഡി സെക്രട്ടറിയുടെ ഓഫീസിലും സബ് ട്രഷറിയിലും പുതിയ എസി കൾ വാങ്ങാനായി ഒന്നരലക്ഷത്തോളം രൂപയും അനുവദിച്ചു. മറ്റ് ഓഫീസുകൾക്കായി പതിനഞ്ച് ലക്ഷം രൂപക്കും പൊതുഭരണ വകുപ്പ് അനുമതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പുതിയ വാഹനം വാങ്ങിയതിന് പിന്നാലെ ടൂറിസം വകുപ്പ് കൂടുതൽ വാഹനങ്ങൾ വാങ്ങാനുളള തയ്യാറെടുപ്പിലാണ്. അതിനിടെയാണ്, ഭരണസിരാ കേന്ദ്രത്തിൽ കുളിര് കൂട്ടുന്നതിനും സർക്കാർ കൂടുതൽ തുക അനുവദിച്ചിരിക്കുന്നത്.