ലക്ഷദ്വീപിൽ സ്കൂളുകൾ പൂട്ടുന്നു. വിവിധ ദ്വീപുകളിലായി 15 സ്കൂളുകൾ പൂട്ടാൻ എജ്യുക്കേഷൻ ഡയറക്ടറേറ്റ് തീരുമാനിച്ചു. കിൽത്താനിൽ മാത്രം 4 സ്കൂൾ പൂട്ടി. ആവശ്യത്തിന് അധ്യാപകരും ജീവനക്കാരും ഇല്ലെന്ന കാരണം പറഞ്ഞാണ് സ്കൂളുകൾ പൂട്ടുന്നത്. വിവിധ സ്കൂളുകളെ ലയിപ്പിക്കാനാണ് നീക്കം. ആവശ്യത്തിന് ജീവനക്കാരില്ല എന്നാണ് കാരണം പറയുന്നത്. ഇതോടെ കുട്ടികള്‍ വളരെ ദൂരം സഞ്ചരിച്ച് മറ്റ് സ്കൂളുകളിലേക്ക് പോകേണ്ടിവരും. ഒരു ഭാഗത്ത് പുനക്രമീകരണമെന്ന പേരില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുമ്പോഴാണ്, ജീവനക്കാരില്ല എന്ന് പറഞ്ഞ് സ്കൂളുകള്‍ പൂട്ടാന്‍ നീക്കം നടത്തുന്നത്. അതിനിടെ ലക്ഷദ്വീപിൽ കൂട്ടസ്ഥലമാറ്റവും നടക്കുന്നു. ഫിഷറീസ് ഡിപാര്‍ട്മെന്‍റിലെ 39 പേരെയാണ് സ്ഥലംമാറ്റിയത്.
രോഗികളോടും കരുണ ഇല്ല ലക്ഷദ്വീപിലെ എയർ ആംബുലൻസുകൾ സ്വകാര്യവത്കരിക്കാനാണ് പുതിയ നീക്കം. ഇതിനായി സ്വകാര്യ കമ്പനികളിൽ നിന്നും ടെണ്ടർ വിളിച്ചു. എയർ ആംബുലൻസുകളിൽ രോഗികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ലക്ഷദ്വീപില്‍ ആശുപത്രി സൌകര്യം കുറവായതിനാല്‍ ഗുരുതരാവസ്ഥയിലുള്ളവരെ കേരളത്തിലെത്തിച്ചാണ് ചികിത്സ നല്‍കുന്നത്. രോഗി ഗുരുതരാവസ്ഥയിലാണോ എന്നു തീരുമാനിക്കാനുള്ള അവകാശം ദ്വീപിലെ മെഡിക്കൽ ഓഫീസർമാരിൽ നിന്ന് എടുത്തുമാറ്റി ഹെൽത്ത് സർവീസ് ഡയറക്ടർ ചെയർമാനായ നാലംഗ സമിതിക്ക് കൈമാറി. ഈ സമിതിയുടെ തീരുമാനത്തിന് ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന്റെ അംഗീകാരവും വേണമെന്ന് ഉത്തരവിൽ പറയുന്നു. അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിന്റെ നിർദേശപ്രകാരം ഹെൽത്ത് സർവീസ് ഡയറക്ടർ കഴിഞ്ഞ ദിവസമാണ് ഉത്തരവ് ഇറക്കിയത്. ലക്ഷദ്വീപ് പ്രമേയം പരിഗണനയില്‍ ലക്ഷദ്വീപിനെ പിന്തുണച്ച് കേരള നിയമസഭയില്‍ പ്രമേയം പാസ്സാക്കുന്ന കാര്യം പരിഗണിക്കുമെന്ന് സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു. പ്രമേയം പാസ്സാക്കണമെന്ന ആവശ്യം പലരും ഉന്നയിച്ചിട്ടുണ്ട്. കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് സ്പീക്കര്‍ പറഞ്ഞു.