Kerala

‘140 മണ്ഡലങ്ങളിലും വിജയരാഘവനെ എൽ.ഡി.എഫ് പ്രചാരണത്തിന് അയക്കണം’; കെ. മുരളീധരൻ എംപി

140 മണ്ഡലങ്ങളിലും എൽഡിഎഫ് വിജയരാഘവനെ പ്രചാരണത്തിന് അയക്കണമെന്ന് കെ. മുരളീധരൻ എം.പി. വിജയരാഘവൻ്റെ ന്യൂനപക്ഷ വർഗീയ പരാമർശം നാക്ക് പിഴ ആണെന്ന് കരുതുന്നില്ലെന്നും ബാബരി പൊളിക്കണം എന്ന് മുൻപ് ഇ.എം.എസ് പറഞ്ഞിട്ടുണ്ടെന്നും ഇതാണ് ആർ.എസ്.എസ് നടപ്പാക്കിയതെന്നും കെ മുരളീധരന്‍ പറഞ്ഞു. കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍ എം.പി.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ ന്യൂനപക്ഷ സംരക്ഷകരെന്ന് പറഞ്ഞ സിപിഎം ഇപ്പോൾ ന്യൂനപക്ഷം വർഗീയമാണ് എന്ന് പറയുന്നു. സി.പി.എം, ബി.ജെ.പി അന്തർധാരയുണ്ട്. നരേന്ദ്ര മോഡി ആകാശവും ഭൂമിയും വിറ്റു, പിണറായി കടൽ വിൽക്കുന്നു. പ്രാവിനെ പറത്തിയത് മുതൽ അത് കാണുന്നുണ്ട്. എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും എന്നൊരു ചൊല്ലുണ്ടെന്നും വ്യക്തിപരമായി അധിക്ഷേപിക്കുകയല്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

മത്സ്യ തൊഴിലാളികൾ ഈ സർക്കാരിനെ വിശ്വസിക്കില്ല. കഴിഞ്ഞ പഞ്ചായത്തിൽ തോറ്റതിന് കാരണം വർഗീയ പ്രചാരണങ്ങളാണ്. ന്യൂനപക്ഷങ്ങൾക്കിടയിലും വിഭാഗീയത ഉണ്ടാക്കി. കിറ്റ് കൊടുത്തത് കൊണ്ടല്ല എല്‍ഡിഎഫ് ജയിച്ചത്. സ്വപ്നയും സ്വർണവും വിജയിപ്പിക്കും എന്ന് കരുതിയെന്നും മുരളീധരന്‍ വിമര്‍ശിച്ചു. സർവ്വകലാശാലകൾ മാർകിസ്റ്റ് പാർട്ടിയുടെ ബ്രാഞ്ച് കമ്മിറ്റികളായി മാറിയതായും പി.എസ്.‌സിയും സര്‍വകലാശാലകളുമാണ് ഈ സർക്കാരിലെ ഏറ്റവും മോശപ്പെട്ടതെന്നും മുരളീധരന്‍ തുറന്നടിച്ചു. സംസ്ഥാനത്തെ പല സർവകലാശാലകളിലും ഉള്ളത് ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത വി.സിമാരാണെന്നും മുരളീധരന്‍ പരിഹസിച്ചു.