Kerala

പന്ത്രണ്ട് വയസ്സുകാരന് ചികിത്സ നിഷേധിച്ച സംഭവം; കുട്ടിക്ക് ജില്ലാ ആശുപത്രിയിൽ തന്നെ ചികിത്സ ലഭ്യമാക്കുമെന്ന് അധികൃതർ

തൊടുപുഴ ജില്ലാ ആശുപത്രിയിൽ 12 വയസ്സുകാരന് ചികിത്സ നിഷേധിച്ച സംഭവത്തിൽ കുട്ടിക്ക് ജില്ലാ ആശുപത്രിയിൽ തന്നെ ചികിത്സ ലഭ്യമാക്കുമെന്ന് അധികൃതർ. ഇന്ന് അസ്ഥിരോഗ വിദഗ്ധന്റെ സേവനം ലഭ്യമാണെന്ന് മാതാപിതാക്കളെ ആശുപത്രി അധികൃതർ അറിയിച്ചു. തോളെല്ലിന് സാരമായി പരുക്കേറ്റ 12 വയസ്സുകാരൻ പ്രാഥമിക ചികിത്സ പോലും ലഭ്യമാകാതെ മടങ്ങിയത് ട്വന്റിഫോർ വാർത്തയാക്കിയിരുന്നു. സംഭവത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടറോട് മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടുകയും, ചികിത്സ ലഭ്യമാക്കാൻ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഇടപെടൽ നടത്തുകയും ചെയ്തിരുന്നു. ( 12 year old will be treated at thodupuzha district hospital )

ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിയ 12 വയസ്സുകാരന് കൈക്കൂലി നൽകാത്തതിനാൽ ചികിത്സ നിഷേധിച്ചതായി പരാതി ഉയരുന്നത് ഇന്നലെയാണ്. വണ്ണപ്പുറം സ്വദേശി 12 വയസ്സുകാരൻ നിജിൻ രാജേഷ് സൈക്കിളിൽ നിന്ന് വീണ് തോളിന് സാരമായി പരിക്കേറ്റ് രാവിലെ 11 മണിയോടെയാണ് ജില്ലാ ആശുപത്രിയിൽ എത്തുന്നത്. കാഷ്വാലിറ്റി ഡ്യൂട്ടി ഡോക്ടർ എക്‌സറേ എടുക്കാൻ ആവശ്യപ്പെട്ടു. ഫലവുമായി എത്തിയപ്പോൾ ഉച്ച കഴിഞ്ഞു. ആ സമയം ഡ്യൂട്ടിയിൽ മറ്റൊരു ഡോക്ടറാണ് ഉണ്ടായിരുന്നത്. എക്‌സ്-റേ പരിശോധിച്ച ഡോക്ടർ തോളെല്ലിന് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചു. എന്നാൽ തുടർ ചികിത്സ നൽകണമെങ്കിൽ 5000 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ടതായാണ് രക്ഷിതാക്കൾ പറയുന്നത്. പണമില്ലെന്ന് അറിയിച്ചതോടെ ഡോക്ടർ മോശമായി പെരുമാറിയതായും, കാഷ്വാലിറ്റിയിൽ നിന്ന് ഇറക്കിവിട്ടതായും ഇവർ ആരോപിക്കുന്നു.

സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ ലഭ്യമാക്കാൻ കഴിയാതെ കുട്ടിയുമായി മാതാപിതാക്കൾ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സംഭവം വാർത്ത ആയതിന് പിന്നാലെ ആരോഗ്യവകുപ്പ് ഡയറക്ടറോട് മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. കുട്ടിക്ക് ചികിത്സ ഉറപ്പാക്കാൻ ചൈൽഡ് പ്രൊട്ടക്ഷൻ ഇടുക്കി യൂണിറ്റും ഇടപെട്ടു.