Kerala

11 വനിതാ പ്രതിനിധികൾ നിയമസഭയിലേക്ക്

പുതുമുഖങ്ങൾ അടക്കം 15 വനിതാ സ്ഥാനാർത്ഥികളാണ്‌ ഇത്തവണ ചരിത്ര വിജയം കരസ്ഥമാക്കിയ ഇടതു മുന്നണി പ്രഖ്യാപിച്ചിരുന്നത്. ഇതിൽ 11 പേരാണ് വിജയം നേടിയത്. യു.ഡി.എഫിന്റെ പത്ത് വനിതാ സ്ഥാനാര്‍ത്ഥികളില്‍ വിജയിച്ചത് ഒരാള്‍ മാത്രമാണ്.

ജയിച്ചവരിൽ ഏറ്റവും ശ്രദ്ധേയം വൻഭൂരിപക്ഷത്തിൽ ജയിച്ച കെ.കെ. ശൈലജ ആണ്. മട്ടന്നൂരിൽ യു.ഡി.എഫ് സ്ഥാനാർഥി ഇല്ലിക്കല്‍ അഗസ്തിയെക്കാൾ 60963 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ശൈലജ ജയിച്ചത്.

ആറന്മുളയിൽ വീണ ജോർജ് 13,853 വോട്ടിന് ഇത്തവണയും വിജയം കരസ്ഥമാക്കി. വടകരയിൽ ആർ.എം.പി. എം.എൽ.എ. കെ.കെ. രമ 7461 ഭൂരിപക്ഷത്തോടെ ജയിച്ചു. സ്ത്രീ സ്ഥാനാർത്ഥികളുടെ ത്രികോണ മത്സരം നടന്ന വൈക്കത്തു ഇത്തവണയും സി. കെ. ആശ സ്വന്തം സീറ്റ് നിലനിർത്തി. ഇരിങ്ങാലക്കുടയിൽ ഇടതു സ്ഥാനാർത്ഥി ആർ. ബിന്ദു 5,949 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

കോങ്ങാട് മണ്ഡലത്തിൽ പുതുമുഖമായ എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ. ശാന്തകുമാരിയാണ് 3,214 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചത്. കൊല്ലം ചടയമംഗലത്ത് നിന്ന 10923 വോട്ടുകൾക്കാണ് ചിഞ്ചുറാണി വിജയിച്ചത്. അരനൂറ്റാണ്ടിനുശേഷം അരൂർ മണ്ഡലത്തിൽ രണ്ടു സ്ത്രീകൾ നേർക്കുനേർ നിന്നുള്ള പോരാട്ടമായിരുന്നു. ഇവിടെ യു.ഡി.എഫിന്റെ എം.എൽ.എ. ആയിരുന്ന ഷാനിമോൾ ഉസ്മാനെ പരാജയപ്പെടുത്തിയാണ് ദലീമ ജോജോ വിജയിച്ചത്.

31,636 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ആറ്റിങ്ങൽ മണ്ഡലത്തിൽ എൽ.ഡി.എഫ്. പ്രതിനിധിയായ ഒ. എസ്. അംബിക വിജയിച്ചത്. കായംകുളത്തു യു. പ്രതിഭയും (എൽ.ഡി.എഫ്.), കൊയിലാണ്ടിയിൽ കാനത്തിൽ ജമീലയുമാണ് (എൽ.ഡി.എഫ്.) വിജയിച്ചത്.