സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷ പരിപാടികള്‍ ഈ മാസം 20 മുതല്‍ 27 വരെ നടക്കും. 20ന് വൈകിട്ട് 5 മണിക്ക് കോഴിക്കോട് ബീച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുക. സങ്കുചിത രാഷ്ട്രീയ മനോഭാവം വെടിഞ്ഞ് പ്രതിപക്ഷവും പരിപാടികളില്‍ പങ്കാളിയാകണമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.
സംസ്ഥാനത്തു പൂര്‍ത്തിയായതും പുതുതായി ആരംഭിക്കുന്നതുമായ 1000 പദ്ധതികള്‍ 1000 ദിനങ്ങളുടെ ഭാഗമായി വിവിധ ജില്ലകളില്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സേഫ് കേരള പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. അതിനിടെ സര്‍ക്കാരിന്റെ 1000 ദിനാഘോഷ പരിപാടികള്‍ ബഹിഷ്‌ക്കരിക്കാനൊരുങ്ങുന്ന പ്രതിപക്ഷത്തെ സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ വിമര്‍ശിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി ജില്ലകളില്‍ ഏഴു ദിവസം നീളുന്ന പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കും. ഇതിനോടൊപ്പം കലാപരിപാടികളും വികസന സെമിനാറുകളുമുണ്ടാകും. 27ആം തീയതി തിരുവനന്തപുരത്താണ് സമാപന സമ്മേളനം.