India Kerala

ഫെബ്രുവരിയില്‍ മാത്രം പാചകവാതകത്തിന് വര്‍ധിപ്പിച്ചത് 100 രൂപ; ഇരുട്ടടിയായി ഇന്ധന വിലയും

ഡിസംബറിന് ശേഷം നാലാം തവണയും പാചകവാതകത്തിന് വിലകൂടി. 801 രൂപയാണ് കൊച്ചിയിലെ പാചകവാതകത്തിന്‍റെ ഒടുവിലെ വില. ഫെബ്രുവരിയില്‍ മാത്രം മൂന്ന് തവണയാണ് വില വര്‍ധിപ്പിച്ചത്. ജനുവരിയില്‍ ഒരു തവണയും വില വര്‍ധിപ്പിച്ചു. ഫെബ്രുവരിയില്‍ മാത്രം നൂറ് രൂപയാണ് പാചകവാതകത്തിന് വില വര്‍ധിപ്പിച്ചത്. ഗാർഹിക ഉപഭോക്താക്കൾക്കുള്ള സിലിണ്ടറിന് 25 രൂപയാണ് ഇന്ന് വര്‍ധിപ്പിച്ചത്. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. നേരത്തെ ഗാർഹിക സിലിണ്ടറിന്‍റെ വില 776 രൂപയായിരുന്നു. കഴിഞ്ഞയാഴ്ച പാചക വാതക വില 50 രൂപ ആയി വര്‍ധിപ്പിച്ചിരുന്നു. ഇന്ന് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് അഞ്ച് രൂപ കുറഞ്ഞിട്ടുണ്ട്.

ഈ വര്‍ഷത്തെ വില വര്‍ധന പട്ടിക:

ജനുവരി 01- 19 രൂപ വര്‍ധിപ്പിച്ചു.

ഫെബ്രുവരി 04- 25 രൂപ വര്‍ധിപ്പിച്ചു.

ഫെബ്രുവരി 15- 50 രൂപ വര്‍ധിപ്പിച്ചു.

ഫെബ്രുവരി 25- 25 രൂപ വര്‍ധിപ്പിച്ചു.

പാചകവാതക സിലിണ്ടറുകളുടെ വില നിർണ്ണയിക്കുന്നത് സർക്കാർ എണ്ണ കമ്പനികളാണ്, ഇത് പ്രതിമാസ അടിസ്ഥാനത്തിൽ പരിഷ്കരിക്കുയാണ് ചെയ്തുവരുന്നത്. അന്താരാഷ്ട്ര ഇന്ധന നിരക്കും യു.എസ് ഡോളർ രൂപ വിനിമയ നിരക്കും അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. അസംസ്കൃത എണ്ണ, പ്രകൃതിവാതകം എന്നിവയിൽ നിന്നാണ് പാചക വാതകം ലഭിക്കുന്നത്. ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയ സമയത്താണ് എൽപിജിയുടെ വിലവർധനവ്.

അതേസമയം, രാജ്യത്ത് ഇന്ധനവിലയും കുതിച്ചുയരുകയാണ്. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 93 രൂപ കടന്നു. ഡീസൽ വില 88 ലേക്ക് എത്തുന്നു. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 91 രൂപ 48 പൈസയായി. ഡീസല്‍ ലിറ്ററിന് 87 ലേക്ക് അടുക്കുന്നു. ഒന്‍പത് മാസത്തിനിടെ ഇന്ധനവില വര്‍ധിച്ചത് 21 രൂപയാണ്. 48 തവണകളിലായിട്ടാണ് ഈ വിലവര്‍ധനവ് ഉണ്ടായിരിക്കുന്നത്.