Kerala

മാനസികാരോഗ്യ കേന്ദ്രത്തിൽ ബന്ധുക്കൾ ഏറ്റെടുക്കാതെ 100 പേർ

തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സ പൂർത്തിയാക്കി രോഗം ഭേദമായ 43 സ്ത്രീകളെയും 57 പുരുഷൻമാരെയും ബന്ധുക്കൾ ഏറ്റെടുത്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഇതിൽ 24 സത്രീകളും 42 പുരുഷൻമാരും ഇതര സംസ്ഥാനക്കാരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ബന്ധുക്കൾ ഏറ്റെടുക്കാത്തവരെ സർക്കാർ നിയോഗിച്ചിട്ടുള്ള പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു.

കഴിഞ്ഞ നവംബർ 17ന് ജസ്റ്റിസ് ആൻറണി ഡൊമിനിക് പേരൂർക്കട മാനസികാരോഗ്യകേന്ദ്രം സന്ദർശിച്ച് നിരവധി നിർദ്ദേശങ്ങൾ സർക്കാരിന് നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ ജനുവരി 5 ന് ഉന്നതതല യോഗം വിളിച്ചു ചേർത്തു. കമ്മീഷൻ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ നടപ്പിലാക്കുന്ന മാസ്റ്റർ പ്ലാനിന് എസ്റ്റിമേറ്റ് തയ്യാറാക്കാനും അടുത്ത വർഷത്തെ പ്ലാൻ ഫണ്ടിൽ തുക വകയിരുത്താനും തീരുമാനിച്ചതായി ഡയറക്ടർ അറിയിച്ചു. മാസ്റ്റർ പ്ലാൻ ഉടൻ നടപ്പിലാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.

നാലര കോടി മുടക്കി ആധുനിക സൈക്യാട്രിക് വാർഡും 1.1 കോടി മുടക്കി മെയിൽ ഫൊറൻസിക് വാർഡും നിർമ്മിക്കും. ആധുനിക മനോരോഗ ചികിത്സക്ക് പുതിയ ഒ.പി. ബ്ലോക്ക് സ്ഥാപിക്കും. ജീവനക്കാരുടെ എണ്ണം വർധിപ്പിക്കും. ഭക്ഷണമുണ്ടാക്കാനുള്ള ചുമതല കുടുംബശ്രീക്ക് കൈമാറുന്നത് ആലോചിക്കാവുന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിയിലെ സുരക്ഷാ സംവിധാനം സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെ ഏൽപ്പിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിയിൽ സി സി റ്റി വി സ്ഥാപിക്കും. ശിക്ഷാ കാലാവധി കഴിഞ്ഞ ഫൊറൻസിക് സെല്ലിൽ കഴിയുന്ന രോഗികളെ ബന്ധുക്കൾ ഏറ്റെടുത്തില്ലെങ്കിൽ പുനരധിവാസ കേന്ദ്രങ്ങളെ ഏൽപ്പിക്കുമെന്നും ഡയറക്ടർ ഡോ.വി.മീനാക്ഷി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.