India Kerala

സ്കൂളിന്‍റെ സ്ഥലം സ്വകാര്യ വ്യക്തിക്ക് വിറ്റതായി പരാതി

കോഴിക്കോട് തലക്കുളത്തൂരില്‍ എയ്ഡഡ് സ്കൂളിന്‍റെ ഭൂമി സ്വകാര്യ വ്യക്തിക്ക് വിറ്റതായി പരാതി. കളിസ്ഥലമുള്‍പ്പെടെയുള്ള അടിസ്ഥാന സൌകര്യങ്ങള്‍ക്കായി ഭൂമിയില്ലാതെ വലയുമ്പോഴാണ് റോഡ് നിര്‍മാണത്തിനായി സ്വകാര്യ വ്യക്തിക്ക് മാനേജ്മെന്‍റ് ഭൂമി വിറ്റത്. സംഭവത്തില്‍ നാട്ടുകാര്‍ ബാലുശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരാതി നല്‍കി.

ദശാബ്ദങ്ങള്‍ പഴക്കമുള്ള എടക്കര എ.എസ്.വി.യു.പി സ്കൂളിന്‍റെ അതിരാണിത്. സ്കൂളിന്‍റെ പിന്നിലേക്ക് നടപ്പാത മാത്രമുണ്ടായിരുന്ന ഇവിടെ റോഡ് തന്നെ നിര്‍മിച്ചിരിക്കുന്നു. സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള റോഡിനായി മാനേജ്മെന്‍റ് സ്കൂളിന്‍റെ സ്ഥലം വിറ്റതായാണ് പരാതി.

അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്ന സ്കൂളിന്‍റെ സംരക്ഷണത്തിനായി ജില്ലാ കലക്ടര്‍ ചെയര്‍മാനായ സമിതി രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ മേല്‍നോട്ടത്തിലാണ് സ്കൂളിന്‍റെ പ്രവര്‍ത്തനം. ഇതിനിടിയിലാണ് വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കാതെ മാനേജ്മെന്‍റ് സ്ഥലം വിറ്റത്. സ്കൂളിന്‍റെ അടിസ്ഥാന സൌകര്യ വികസനത്തിനായി പണം കണ്ടെത്താനാണ് സ്ഥലം വിറ്റതെന്ന് മാനേജ്മെന്‍റ് അറിയിച്ചു.