സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മഴമുന്നറിയിപ്പുകളില്ല. എന്നാൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് ഇന്നും തുടരും.
ഒഡീഷ തീരത്തെ ചക്രവാതചുഴിയും കാലവർഷത്തിന് മുന്നോടിയായുള്ള പടിഞ്ഞാറൻ കാറ്റുകളും ദുർബലമായതാണ് മഴ കുറയാൻ കാരണം. വെള്ളിയാഴ്ചയോടെ കാലവർഷം കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
അതിനിടെ, ഡൽഹിയിൽ കനത്ത ചൂടിന് ആശ്വാസമേകി കാറ്റും ഇടിമിന്നലോടു കൂടിയ മഴയും തുടങ്ങി. ഇതോടെ ഡൽഹിയിൽ താപനില കുത്തനെ താഴ്ന്നു. രാവിലെ 5.40 മുതൽ 7 മണിവരെ താപനില 11 ഡിഗ്രി താഴ്ന്നു. 29 ഡിഗ്രിയിൽ നിന്നും 18 ഡിഗ്രിയിലേക്കാണ് താപനില താഴ്ന്നത്. അടുത്ത 3 ദിവസം മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. 60 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. പലയിടങ്ങളിലും മരങ്ങൾ ഒടിഞ്ഞു വീണും കടപുഴകിയും ഗതാഗത തടസം സംഭവിച്ചിട്ടുണ്ട്. ജനങ്ങളോട് അത്യാവശ്യ യാത്രകൾക്കായി മാത്രമേ പുറത്തിറങ്ങാവൂ എന്ന് അധികൃതർ ജാഗ്രതാ നിർദേശം നൽകി.