Kerala

ശിവശങ്കറിന് തിരിച്ചടി; ലൈഫ്മിഷന്‍ കോഴക്കേസിലെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് തിരിച്ചടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസില്‍ എം ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി. ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സിംഗിള്‍ ബെഞ്ച് വിളിച്ചുവരുത്തിയിരുന്നു. രേഖകളെല്ലാം പരിശോധിച്ച ശേഷമാണ് ശിവശങ്കറിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയത്. 

ലൈഫ് മിഷന്‍ കേസിലെ കള്ളപ്പണ ഇടപാട് സ്‌പോണ്‍സേര്‍ഡ് തീവ്രവാദമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് മുന്‍പ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറാണ് ഇതിതിന്റെ സൂത്രധാരനെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിക്കുകയുണ്ടായി.

ലൈഫ് മിഷന്‍ കരാര്‍ ക്രമക്കേടില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്നായിരുന്നു ശിവശങ്കറിന്റെ ആദ്യ വാദമെന്നും ഇഡി ഹൈക്കോടതിയില്‍ വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോള്‍ സഹകരിക്കാതെയായി. അഴിമതിയിലൂടെ ലഭിച്ച പണം ഡോളറാക്കി കടത്തിയെന്നാണ് കേസ്. വിദേശ സംഭാവന നിയന്ത്രണ ചട്ടം, കള്ളപ്പണം തടയല്‍ നിയമ പ്രകാരവും ഇ.ഡിയ്ക്ക് സ്വതന്ത്രമായി അന്വേഷണം നടത്താമെന്നും സത്യവാങ്മൂലത്തില്‍ ഇഡി വ്യക്തമാക്കി