പറവൂര്‍: പറവൂരിലെത്തിയ എന്‍.ഡി.എ. സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം വോട്ടഭ്യര്‍ത്ഥിച്ച് കോടതി മുറിയിലെത്തി. വ്യാഴാഴ്ചയാണ് പറവൂര്‍ അഡീഷണല്‍ സബ് കോടതില്‍ കണ്ണന്താനം വോട്ടഭ്യര്‍ഥിക്കാന്‍ എത്തിയത്. അതേസമയം കണ്ണന്താനത്തിന്റെ വോട്ടഭ്യര്‍ത്ഥന വന്‍ വിവാദമായിരിക്കുകയാണ്.
രാവിലെ ബാര്‍ അസോസിയേഷന്‍ പരിസരത്ത് വോട്ടഭ്യര്‍ത്ഥിക്കുകയായിരുന്ന സ്ഥാനാര്‍ത്ഥി അവിടെ വോട്ടഭ്യര്‍ഥിച്ചശേഷം സമീപത്തുള്ള കോടതി മുറിയിലേക്ക് കയറി ചെല്ലുകയായിരുന്നു. കോടതി ചേരാനുള്ള സമയത്തായതിനാല്‍ കേസിനായി എത്തിയവരും അഭിഭാഷകരും കോടതിമുറിയിലുണ്ടായിരുന്നു. സ്ഥാനാര്‍ഥി കോടതിമുറിയില്‍ കയറിയതും വോട്ടര്‍മാരെ കണ്ടതും ചട്ടലംഘനമാണെന്നാണ് ആരോപണം.
സ്ഥാനാര്‍ഥികള്‍ കോടതിക്കുള്ളില്‍ കയറി വോട്ടുചോദിക്കുക പതിവില്ലെന്നും കണ്ണന്താനം ചെയ്തത് ചട്ടലംഘനമാണെന്നും അഭിഭാഷകര്‍ പറഞ്ഞു. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുക്കുന്നത് പരിശോധിച്ചുവരികയാണെന്ന് ബാര്‍ അസോസിയേഷന്‍ നേതാക്കള്‍ അറിയിച്ചു.
അതേസമയം കണ്ണന്താനം എത്തിയ സമയത്ത് ജഡ്ജി എത്തിയിരുന്നില്ല. അദ്ദേഹം പുറത്തിറങ്ങിയശേഷമാണ് ജഡ്ജിയെത്തിയത്. എന്നാല്‍ കോടതിയില്‍ കയറിയതല്ലാതെ വോട്ടഭ്യര്‍ഥിച്ചില്ലെന്നാണ് സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്ന ബി.ജെ.പി. നേതാക്കളുടെ വിശദീകരണം.