എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ അശ്ലീല പരാമര്‍ശത്തിനെതിരെ രമ്യ ഹരിദാസ് പരാതി നല്‍കി. ആലത്തൂര്‍ ഡി.വൈ.എസ്.പിക്കാണ് പരാതി നല്‍കിയത്. എ വിജയരാഘവന്റേത് ആസൂത്രിതമായ പരാമര്‍ശമാണെന്ന് രമ്യ പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ വിജയരാഘവന്‍ നടത്തിയ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്ന് ഉയര്‍ന്ന് വന്നത്. തെരഞ്ഞടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
പൊന്നാനിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്‍ലിം ലീഗുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശത്തിനിടെയാണ് വിജയരാഘവന്‍ രമ്യയെ അധിക്ഷേപിച്ചത്. കോണ്‍ഗ്രസ്, ലീഗ് സ്ഥാനാര്‍ഥികള്‍ പാണക്കാട് തങ്ങളെ കാണാന്‍ നിരനിരയായി വന്നുകൊണ്ടിരിക്കുന്നു. എന്തിനാണ് മുരളീധരന്‍ അടക്കമുള്ളവര്‍ പ്രചാരണത്തിന് മുന്‍പ് തങ്ങളെ കാണാന്‍ എത്തുന്നതെന്ന് വിജയരാഘവന്‍ പ്രസംഗത്തിനിടെ ചോദിച്ചു. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പാണക്കാട് തങ്ങളെ തറവാട്ടിലെത്തി കണ്ടു. അതിന് ശേഷം ആ പെണ്‍കുട്ടി പി.കെ കുഞ്ഞാലിക്കുട്ടിയെ വീട്ടില്‍ പോയി കണ്ടു. അതിന് ശേഷം ആ കുട്ടിയുടെ അവസ്ഥ എന്താണെന്ന് അറിയില്ലെന്നാണ് വിജയരാഘവന്‍ പറഞ്ഞത്.