India Kerala

വയനാട്ടില്‍ തിരിച്ചടി നടത്തുമെന്ന് മാവോയിസ്റ്റ് ഭീഷണി;രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന യോഗങ്ങളെ കുറിച്ചുള്ള തീരുമാനം ഇങ്ങനെ

കല്‍പറ്റ: വൈത്തിരി വെടിവയ്പിനു തിരിച്ചടിക്കുമെന്ന മാവോയിസ്റ്റ് മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ വെട്ടിച്ചുരുക്കിയേക്കും. ഡിസിസി ഓഫിസില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന യോഗവും സുരക്ഷാഭീഷണിയെത്തുടര്‍ന്ന് റദ്ദാക്കി.രാഹുല്‍ ഗാന്ധിക്കും സഹോദരി പ്രിയങ്ക ഗാന്ധിക്കുമായി വെസ്റ്റ്ഹില്‍ ഗവ. ഗെസ്റ്റ് ഹൗസിലും നഗരത്തിലും ഇന്നലെ രാത്രി വന്‍ സുരക്ഷയാണ് ഒരുക്കിയത്. സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെയും (എസ്പിജി) സിറ്റി പൊലീസിന്റെയും നേതൃത്വത്തില്‍ 500ല്‍ അധികം പൊലീസുകാര്‍ നഗരത്തിലും ഗെസ്റ്റ് ഹൗസ് പരിസരത്തുമായി നിരന്നു. ഗെസ്റ്റ് ഹൗസിലെ 2 വിവിഐപി മുറികളാണ് ഇരുവര്‍ക്കുമായി ഒരുക്കിയിരുന്നത്. ഇന്നു രാവിലെ 9നു വെസ്റ്റ്ഹില്‍ വിക്രം മൈതാനത്തുനിന്ന് ഹെലികോപ്റ്റിലാകും ഇരുവരും വയനാട്ടിലേക്കു പോവുക

കല്‍പറ്റ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് 2 കിലോമീറ്റര്‍ ദൂരം പ്രിയങ്ക ഗാന്ധിക്കൊപ്പം റോഡ് ഷോ നടത്തി കലക്ടറേറ്റില്‍ പത്രിക സമര്‍പ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍, സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാണിച്ച് റോഡ് ഷോയുടെ ദൂരം വെട്ടിച്ചുരുക്കി 200 മീറ്ററാക്കാന്‍ ഇടയുണ്ട്. അങ്ങനെയാണെങ്കില്‍ ഹെലികോപ്ടര്‍ ഇറങ്ങുന്ന എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍നിന്നു തന്നെ റോഡ് ഷോ ആരംഭിക്കും. വീതികുറഞ്ഞ ഇടറോഡിലൂടെ ചെങ്കുത്തായ ഇറക്കമിറങ്ങി വേണം ഓഫിസിലെത്താന്‍. ഈ റോഡില്‍ തിങ്ങിനിറയുന്ന ജനങ്ങള്‍ക്കിടയിലൂടെ രാഹുലിന്റെ വാഹനവ്യൂഹം കടന്നുപോകുന്നത് അപകടമുണ്ടാക്കുമെന്ന എസ്പിജി മുന്നറിയിപ്പിനെത്തുടര്‍ന്നാണു ഡിസിസി നേതൃത്വം യോഗം റദ്ദാക്കിയത്.