Kerala

വയനാട്ടിലെ കോവിഡ് ഫലങ്ങള്‍ നെഗറ്റീവ്; 52 പേര്‍ കൂടി നിരീക്ഷണത്തില്‍

വിദേശത്ത് നിന്നെത്തി വയനാട്ടില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ ആള്‍ക്ക് രോഗബാധയില്ലെന്നും സ്ഥിരീകരിച്ചു.

കോവിഡ് 19 മുന്‍കരുതലിന്‍റെ ഭാഗമായി വയനാട്ടില്‍ 52 പേര്‍ കൂടി നിരീക്ഷണത്തില്‍. ജില്ലയില്‍ പരിശോധനക്കയച്ച 13 സാമ്പിളുകളിലും ഫലം നെഗറ്റീവാണ്. വിദേശത്ത് നിന്നെത്തി വയനാട്ടില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ ആള്‍ക്ക് രോഗബാധയില്ലെന്നും സ്ഥിരീകരിച്ചു. ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ നാല് ദിവസം കൂടി അടച്ചിടും.

പുതിയ 52 പേരടക്കം വയനാട് ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 398 ആയി. അതേസമയം 86 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 26 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ ലഭിച്ച 13 സാമ്പിളുകളും നെഗറ്റീവാണ്. കോവിഡ് 19 സംശയത്തിനിടെ വിദേശത്ത് നിന്നെത്തി വയനാട്ടില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നയാളുടെ പരിശോധനാ ഫലവും നെഗറ്റീവാണ്. ഇതോടെ ഇയാളോടൊപ്പം വയനാട്ടില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത നൂറു കണക്കിനാളുകള്‍ക്ക് ആശ്വാസമായി. ജില്ലയില്‍ വിവിധയിടങ്ങളിലായി 5 കോവിഡ് കെയര്‍ സെന്‍ററുകള്‍ തുറക്കും. ആവശ്യമെങ്കില്‍ സംസ്ഥാനത്തെവിടെയുമുള്ള വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഇവിടെ താമസമൊരുക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം 2084 വാഹനങ്ങളില്‍ നിന്നായി 7211 പേരെ പരിശോധിച്ചു. വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നാല് ദിവസം കൂടി തുടരും. മുന്‍കരുതലിന്‍റെ ഭാഗമായി വള്ളിയൂര്‍കാവ് ഉത്സവം ഈ വര്‍ഷം ചടങ്ങുകളിലൊതുക്കും മതനേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫ്രന്‍സിലാണ് ക്ഷേത്ര കമ്മിറ്റി ഉത്സവം മാറ്റിവെക്കാന്‍ തീരുമാനിച്ചത്. ‌‌