വയനാട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന കാര്യത്തിൽ അനിശ്ചിതാവസ്ഥ തുടരുന്നു. മുതിർന്ന കേന്ദ്ര നേതാക്കളിൽ പലരും എതിർപ്പ് അറിയിച്ചതായാണ് വിവരം. വിഷയത്തിൽ അടുത്ത നേതാക്കളോട് പോലും മനസ്സ് തുറക്കാൻ രാഹുൽ തയ്യാറായിട്ടില്ല. എന്നാല്‍ വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി ഉടന്‍ മാധ്യമങ്ങളെ കാണുമെന്നാണ് റിപ്പോര്‍ട്ട്. സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് പ്രതികരിച്ചേക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിന് ശേഷമായിരിക്കും വാര്‍ത്താസമ്മേളനം.
രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ മത്സരിക്കുമെന്ന ഉമ്മൻ ചാണ്ടി അടക്കമുള്ളവരുടെ പ്രഖ്യാപനം നടന്ന് രണ്ടു ദിവസമായി. ഇപ്പോഴും അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. പ്രവർത്തക സമിതി യോഗത്തിനായി എ.ഐ.സി.സി ആസ്ഥാനത്ത് എത്തിയപ്പോൾ ചോദ്യം രാഹുൽ ഗാന്ധിയോട് മാധ്യമപ്രവർത്തകർ ഉന്നയിച്ചപ്പോൾ മറുപടി ചിരിയിലൊതുക്കി. അതേസമയം ഉറച്ച പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം. പക്ഷേ കേന്ദ്ര നേതൃത്വത്തിലെ വലിയൊരു വിഭാഗം മുതിർന്ന നേതാക്കൾക്ക് കടുത്ത എതിർപ്പുണ്ട്. കേന്ദ്രത്തിൽ ബി.ജെ.പിക്കെതിരെ പോരാടവെ രാഹുൽ വയനാട് പോയി ഇടത് മുന്നണിയോട് മത്സരിക്കുന്നത് എന്തിനീ എന്നാണ് നേതാക്കൾ ഉയർത്തുന്ന ചോദ്യം. അമേഠിയിൽ തോൽവി ഭയം എന്ന ബി.ജെ.പി പ്രചരണത്തിന് ഊർജ്ജം നൽകുന്നതാകും നടപടി.
എന്നാൽ അടുത്ത നേതാക്കളോട് വരെ ഇക്കാര്യത്തിൽ നിൽപാട് അറിയിക്കാൻ രാഹുൽ തയ്യാറായിട്ടില്ല. പ്രവർത്തക സമിതിക്ക് ശേഷം ചേരുന്ന തെരഞ്ഞെടുപ്പ് സമിതിയിലാവും അന്തിമ തീരുമാനമെടുക്കുക. രാഹുൽ ഗാന്ധിയുടെ തീരുമാനം തെരഞ്ഞെടുപ്പ് സമിതി അംഗീകരിക്കുകയാവും ചെയ്യുക.