മുനമ്പം വഴി അനധികൃത കുടിയേറ്റം നടന്നതായി സംശയിക്കുന്ന കേസില്‍ കൂടുതൽ അറസ്റ്റ് ഉടനുണ്ടാകും. ഇന്നലെ ഡൽഹിയിൽ നിന്ന് ഒരാൾ കൂടി പിടിയിലായതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കേന്ദ്ര ഏജൻസികളുടെയും തമിഴ്നാട് രഹസ്യാന്വേഷണ ഏജൻസികളുടെയും സഹായത്തോടെയാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് ദീപക് എന്ന പ്രഭുവിനെ പിടികൂടിയ അംബേദ്ക്കർ കോളനിയിൽ നിന്നാണ് ഇന്നലെ രവി സനൂപിനെയും കസ്റ്റഡിയിൽ എടുത്തത്. പ്രഭു നൽകിയ മൊഴിക്ക് സമാനമായ മൊഴിയാണ് രവിയും നൽകിയത്. സഹോദങ്ങളെയും കുടുംബാംഗങ്ങളെയും കയറ്റി അയച്ച ശേഷം തിരികെയെത്തിയതാണെന്ന് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ഡൽഹിയിൽ നിന്ന് കേരളത്തിലെത്തി ബോട്ടിൽ കയറാൻ കഴിയാത്തവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രവി പിടിയിലാകുന്നത്. പ്രഭുവിനും രവിക്കുമൊപ്പം ബോട്ടിന്റെ സഹ ഉടമ അനിൽകുമാറിനെയും വിവിധ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യും. കേസിൽ രാജ്യാന്തര അന്വേഷണ ഏജന്‍സികളുടെ സഹായം തേടാനുള്ള നടപടികളും അവസാന ഘട്ടത്തിലാണ്.
മുനമ്പത്ത് നിന്ന് ഇരുനൂറോളം പേര്‍ ന്യൂസിലാന്റിലേക്ക് പോയതായാണ് നിഗമനം. കഴിഞ്ഞ ഒരു മാസത്തിനിടെ നാനൂറോളം ആളുകള്‍ തീരം വിടാന്‍ ശ്രമം നടത്തിയതായി കസ്റ്റഡിയിലുള്ളവർ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ അഭയാർത്ഥികളായി കഴിഞ്ഞിരുന്ന ശ്രീലങ്കന്‍ അഭയാർത്ഥികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്.