മലപ്പുറം പാണ്ടിക്കാട് പൊലീസ് ക്യാമ്പിലെ 3 പേർക്ക് കൂടി എച്ച്1 എൻ1 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ എച്ച്1 എൻ1 സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം ഒമ്പതായി. കണ്ണൂരിൽ നിന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് എത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്.
കണ്ണൂരിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് എത്തിയ മലപ്പുറം പാണ്ടിക്കാട് പൊലീസ് ക്യാമ്പിലെ നൂറോളം പേർക്ക് പനി ബാധിച്ചിരുന്നു. ഇതിനെ തുടർന്ന് ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയും രക്തസാമ്പിളുകൾ മണിപ്പാലിലേക്ക് വിദഗ്ധ പരിശോധനക്ക് അയക്കുകയും ചെയ്തിരുന്നു. ഇവരിൽ ആറ് പേർക്ക് ഇന്നലെ തന്നെ എച്ച്1 എൻ1 സ്ഥിരീകരിച്ചു. ഇതിന് പുറമെയാണ് ഇന്ന് ഇതേ പോലീസ് ക്യാമ്പിലെ മൂന്ന് പേർക്ക് കൂടി എച്ച്1 എൻ1 സ്ഥിരീകരിച്ചത്.
ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായും ചികിത്സ ലഭ്യമാക്കിയതായും രോഗം പടരുന്നത് തടയുന്നതിനായി ക്യാമ്പിലെ മറ്റുള്ളവർക്ക് രോഗ പ്രതിരോധ മരുന്നുകൾ നൽകിയതായും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. പനി പടരാൻ സാധ്യതയുള്ളതിനാൽ ജില്ലയിലെ എല്ലാ ആശുപത്രികളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.