India Kerala

ബി.ജെ.പിയെ വെല്ലുവിളിച്ച പി.പി മുകുന്ദന്‍ സേവാഭാരതിയുടെ വേദിയില്‍

ബി.ജെ.പിയെ വെല്ലുവിളിച്ച് തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പി.പി മുകുന്ദന്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സേവാഭാരതിയുടെ വേദിയിലെത്തി. മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ അനുഗ്രഹ പ്രഭാഷണത്തിനായാണ് മുകുന്ദന്‍ പങ്കെടുത്തത്. മുകുന്ദന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ബി.ജെ.പിയിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്നിരിക്കെയാണ് ആര്‍.എസ്.എസ് വേദിയില്‍ മുകുന്ദന്‍ എത്തുന്നത്. ആര്‍.എസ്.എസില്‍ വലിയ സ്വാധീനമുള്ള നേതാവാണ് മുകുന്ദന്‍.

ബി.ജെ.പിക്ക് നിര്‍ണ്ണായക സ്വാധീനമുള്ള തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിക്കുമെന്നാണ് മുകുന്ദന്‍ വ്യക്തമാക്കിയത്. ബി.ജെ.പി കേരളത്തില്‍ നിന്ന് പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് തിരുവനന്തപുരമാണ്. ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള മുകുന്ദന്‍റെ തീരുമാനത്തോട് ബി.ജെ.പി നേതൃത്വത്തിന് കടുത്ത എതിര്‍പ്പുണ്ട്. തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥികളായി മറ്റ് പലരുടെയും പേരുകള്‍ പരിഗണിക്കുന്നതിനിടയിലാണ് സ്ഥാനാര്‍ത്ഥിയായി മുകുന്ദന്റെ രംഗപ്രവേശം. റിബലായല്ല പാര്‍ട്ടി പിന്തുണയോടെയാണ് മത്സരിക്കുന്നതെന്ന് മുകുന്ദന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുകുന്ദന്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സേവാഭാരതിയുടെ വേദിയിലെത്തുന്നത്. സ്ഥാനാര്‍ത്ഥിയായെത്തുമ്പോള്‍ ആര്‍.എസ്.എസിലെ ഒരു വിഭാഗം തനിക്കൊപ്പമുണ്ടെന്ന് മുകുന്ദന്‍ അവകാശപ്പെടുകയും ചെയ്തിരുന്നു. ഇക്കാര്യത്തെ ബലപ്പെടുത്തുന്നതായിരുന്നു പരിപാടിയിലെ മുകുന്ദന്റെ സാനിധ്യം. എന്നാല്‍ പ്രസംഗത്തിലൊരിടത്തും മുകുന്ദന്‍ രാഷ്ട്രീയം പറഞ്ഞില്ല.

സേവാഭാരതിയുടെ ചെറുവറ്റയിലെ മാതൃസദനത്തിന്റെ ഉദ്ഘാടകനായെത്തിയത് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷനും മിസോറാം ഗവര്‍ണ്ണറുമായ കുമ്മനം രാജശേഖരനാണ്. കുമ്മനം അധ്യക്ഷനായ സമയത്താണ് പാര്‍ട്ടിയുമായി അകലത്തില്‍ നിന്നിരുന്ന മുകുന്ദനെ വീണ്ടും അടുപ്പിക്കാനുള്ള എത്തിക്കാനുള്ള ശ്രമം നടന്നിരുന്നത്. സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിച്ച് മുകുന്ദന്‍ ആര്‍.എസ്.എസ് വേദിയില്‍ എത്തിയതിനെ രാഷ്ട്രീയ നീക്കമായാണ് കാണുന്നത്.