ബിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ പീഡന പരാതിയില്‍ ബിനോയി കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയേക്കും. മുംബൈ പൊലീസ് ഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി സൂചന. അതേസമയം കേസിന്റെ അന്വേഷണത്തിനായി കണ്ണൂരിലെത്തിയ മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തും എത്തി.
ബിഹാര്‍ സ്വദേശിനിയുടെ പീഡന പരാതി ലഭിച്ചിട്ടും ഇതുവരെ ബിനോയി കോടിയേരിയെ കണ്ടെത്താന്‍ മുംബൈ പൊലീസിന് സാധിച്ചിട്ടില്ല. അന്വേഷണത്തിനായി കേരളത്തിലെത്തിയ മുംബൈ ഓഷ് വാര പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ മൂന്നു ദിവസമായി കണ്ണൂര്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും ബിനോയ് കോടിയേരിയെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ള തിരുവനന്തപുരത്തെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്താനായി സംഘം എത്തിയിരിക്കുന്നത്. ഇവര്‍ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ തന്നെ മുംബൈ ഡി.സി.പിക്ക് കൈമാറിയേക്കുമെന്നാണ് സൂചന. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത് അടക്കമുള്ള തുടര്‍ നടപടികള്‍ സംബന്ധിച്ച തീരുമാനം എടുക്കുക.
ബിനോയി കോടിയേരിയെ കസ്റ്റഡിയിലെടുത്ത് നല്കാന് കേരള പൊലീസിനോട് മുംബൈ പോലീസ് സഹായം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിനോയിയെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു നല്‍കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണന്ന നിലപാടിലാണ് കേരള പൊലീസ്.
ഇതിനിടെ ബിഹാര്‍ സ്വദേശിയായ യുവതിയുടെ പീഡന പരാതിയില്‍ ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ ഇന്ന് തന്നെ കോടതി പരിഗണിച്ചേക്കും.