India Kerala

പ്രീതാ ഷാജിയുടെ വീടും പുരയിടവും ലേലത്തിൽ വിറ്റ നടപടി റദ്ദാക്കി

എറണാകുളം ഇടപ്പളളി സ്വദേശി പ്രീത ഷാജിയുടെ വീടും പുരയിടവും ലേലത്തില്‍ വിറ്റ നടപടി ഹൈക്കോടതി റദ്ദാക്കി. 43 ലക്ഷം രൂപ ബാങ്കിന് നല്‍കിയാല്‍ പുരയിടം തിരികെ ലഭിക്കുമെന്നും കോടതി വ്യക്തമാക്കി. സര്‍ഫാസി വിരുദ്ധ സമരത്തിന് പിന്തുണ നല്‍കിയ വര്‍ക്ക് പ്രീത ഷാജി നന്ദി അറിയിച്ചു .

ലേല നടപടി നിയമപരമായി നിലനിൽക്കില്ലെന്ന‌് ചൂണ്ടിക്കാട്ടി പ്രീതയുടെ ഭർത്താവ‌് എം.വി ഷാജി സമർപ്പിച്ച ഹരജിയിലാണ്‌ ഹൈക്കോടതി വിധി. ലേലത്തിലൂടെ സ്ഥലം വാങ്ങിയ രതീഷിന്റെ ഹരജി കോടതി തളളി. 43 ലക്ഷത്തി 51,362 രൂപ ബാങ്കിന് നല്‍കിയാല്‍ പുരയിടം തിരികെ ലഭിക്കും. ഒരു ലക്ഷത്തി എൺപത്തി ഒമ്പതിനായിരം രൂപ വസ്തു ലേലത്തിൽ വാങ്ങിയ രതീഷിന് നൽകണം. പ്രീതാ ഷാജിക്കെതിരായ എല്ലാ മുൻ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. ഒരു മാസത്തിനകം ബാങ്കില്‍ പണം അടക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഒരു മാസത്തിനകം പണമടച്ച് വസ്തു തിരികെ വാങ്ങിയില്ലെങ്കില്‍ ബാങ്കിന് വീണ്ടും നടപടിയെടുക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. സര്‍ഫാസി വിരുദ്ധ സമരത്തിന് എല്ലാ പിന്തുണയും നല്‍കിയ കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് പ്രീത ഷാജി പ്രതികരിച്ചു.

കേരളം കണ്ട ഏറ്റവും വലിയ സര്‍ഫാസി വിരുദ്ധ സമരത്തിന്റെ വിജയമാണ് ഹൈക്കോടതി വിധിയിലൂടെ പ്രീത ഷാജിയും കുടുംബവും നേടിയെടുത്തത്.43 ലക്ഷം രൂപ ഏത് വിധേയനെയും കണ്ടെത്തി വസ്തു തിരിച്ചെടുക്കാനുളള തീരുമാനത്തിലാണ് പ്രീത ഷാജിയും കുടുംബവും.