Kerala

പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം നിർത്തണം; അഭ്യർത്ഥനയുമായി സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ

നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചതു മുതൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ നിർത്താൻ എല്ലാ മുൻ അംഗങ്ങളോടും അഭ്യർത്ഥിക്കുകയാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ പ്രസ്താവനയിലൂടെ അറിയിച്ചു. ( Popular Front should stop working; Abdul Sattar ) .

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധമാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഗവൺമെന്റിന്റെ ആഭ്യന്തര മന്ത്രാലയം ഒരു വിജ്ഞാപനം പുറത്തിറക്കിയതായി അറിയിക്കുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സമൂഹത്തിലെ നിരാലംബരും അധഃസ്ഥിതരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക ശാക്തീകരണത്തിനായി വ്യക്തമായ കാഴ്ചപ്പാടോടെ പരിശ്രമിക്കുന്ന ഒരു സംഘടനയാണ് പോപ്പുലർ ഫ്രണ്ട്.

എല്ലാ ഇന്ത്യൻ പൗരന്മാരും തുല്യ സ്വാതന്ത്ര്യവും നീതിയും സുരക്ഷിതത്വവും ആസ്വദിക്കുന്ന സമത്വ സമൂഹത്തിന് വേണ്ടിയാണിത്. പക്ഷേ, മഹത്തായ നമ്മുടെ രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാർ എന്ന നിലയിൽ, സംഘടന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നു. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അതിന്റെ എല്ലാ മുൻ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുകയും ചെയ്യുകയാണെന്ന് എ അബ്ദുൽ സത്താർ വ്യക്തമാക്കി.