Kerala

പൊലീസ് മികച്ച രീതിയിൽ വിസ്മയ കേസ് അന്വേഷിച്ചു : ഡിവൈഎസ്പി രാജ്കുമാർ

പൊലീസ് മികച്ച രീതിയിൽ വിസ്മയ കേസ് അന്വേഷിച്ചുവെന്ന് ഡിവൈഎസ്പി രാജ്കുമാർ. 80-ാം ദിവസം തന്നെ കുറ്റപത്രം തയ്യാറാക്കി നൽകി. സൈബർ ഫോറൻസിക് തെളിവുകൾ കേസിൽ നിർണായകമായി. കോടതിയുടെ ഭാഗത്ത് നിന്ന് മികച്ച വിധി വരുമെന്ന് പ്രതീക്ഷിക്കുന്നതായും ഡിവൈഎസ്പി രാജ്കുമാർ ട്വന്റിഫോറിനോട് പറഞ്ഞു.

‘വളരെ സത്യസന്ധമായ അന്വേഷണമാണ് നടത്തിയത്. കണ്ടെത്തിയ തെളിവുകളെല്ലാം കോടതിയിൽ നൽകിയിട്ടുണ്ട്. എൺപതാം ദിവസം തന്നെ കുറ്റപത്രം തയാറാക്കി സമർപ്പിക്കാൻ വളരെയധികം ബുദ്ധിമുട്ടി. പോസ്റ്റുമോർട്ടം സർട്ടിഫിക്കറ്റ്, ബയോളജി, ഫിസിക്‌സ് ഡിവിഷനുകളുടെ ആവശ്യം, സൈബർ ഫോറൻസിക് റിസൾട്ട് എന്നിവയെല്ലാം ശേഖരിച്ച് തെളിവുകൾ കണ്ടെത്തുക പ്രയാസമായിരുന്നു. എല്ലാവരും ഒത്തൊരുമിച്ച് നിന്നതുകൊണ്ടാണ് ഇത്രവേഗം കേസ് അന്വേഷണം പൂർത്തിയാക്കാൻ സാധിച്ചത്’- ഡിവൈഎസ്പി പറയുന്നു.

2019 മെയ് 31 നായിരുന്നു വിസ്മയയും കിരണും തമ്മിലുള്ള വിവാഹം. തൊട്ടടുത്ത വർഷം തന്നെ ഭർതൃപീഡനം സഹിക്കവയ്യാതെ 2021 ജൂൺ 21 വിസ്മയ ആത്മഹത്യ ചെയ്തു. വിസ്മയയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് 2021 ജൂൺ 22 ന് കുടുംബം രംഗത്ത് വന്നു. ജൂൺ 22ന് തന്നെ ഭർത്താവ് കിരൺ കുമാർ അറസ്റ്റിലായി. അന്ന് തന്നെ കിരണിനെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ജൂൺ 25 വിസ്മയയുടേത് തൂങ്ങിമരണം ആണെന്ന റിപ്പോർട്ട് പുറത്ത് വന്നു. 2021 സെപ്റ്റംബർ 10ന് അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2022 ജനുവരി 10ന് കേസിൽ വിചാരണ ആരംഭിച്ചു. 2022 മാർച്ച് 2ന് കിരൺ കുമാറിന് സുപ്രിംകോടതി ജാമ്യം നൽകി. വിസ്മയ മരിച്ച് പതിനൊന്ന് മാസവും രണ്ട് ദിവസവും പൂർത്തിയാകുന്ന മെയ് 23, 2022 ന് കേസിൽ അന്തിമ വിധിക്കായി കാത്തിരിക്കുകയാണ് കേരളം.