Kerala

പാലക്കാട് ഐ.ഐ.ടി ഭൂമി ഏറ്റെടുക്കല്‍; സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നല്‍കിയ പണം സര്‍ക്കാര്‍ പിന്‍വലിച്ചു

പാലക്കാട് ഐ.ഐ.ടിക്കായി ഭൂമി വിട്ടുനല്‍കിയവര്‍ക്ക് വകയിരുത്തിയ പണം സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്

പാലക്കാട് ഐ.ഐ.ടിക്കായി ഭൂമി വിട്ടുനല്‍കിയവര്‍ക്ക് വകയിരുത്തിയ പണം സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വലിച്ചു. ഭൂ ഉടമകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക അക്കൌണ്ടില്‍ നിക്ഷേപിച്ചിരുന്ന 19 കോടിരൂപയാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. പണം അനുവദിച്ചുകിട്ടിയ ഉടമകള്‍ ഇതോടെ വണ്ടിച്ചെക്ക് കൈപറ്റിയ അവസ്ഥയിലാണ്. സര്‍ക്കാറിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ഭൂ ഉടമകള്‍.

2015ലെ ഉത്തരവ് പ്രകാരം സ്വകാര്യ വ്യക്തികളുടെ 131.54 ഹെക്ടര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഐ.ഐ.ടിക്കായി ഏറ്റെടുത്തത്. 250 പേരുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് ഐ.ഐ.ടിക്കായി ഏറ്റെടുത്തത്. ഭൂ ഉടമകള്‍ക്ക് വില നല്‍കാനുള്ള അവാര്‍ഡ് 2019 ഒക്ടോബര്‍ 15ന് പാസാക്കി. ഈ രേഖ കോടതിയില്‍ സമര്‍പ്പിച്ചാല്‍ ഉടമയുടെ അക്കൌണ്ടിലേക്ക് പണം വരുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇതുവരെ ആര്‍ക്കും പണം ലഭിച്ചിട്ടില്ല. പണം നല്‍കാന്‍ തീരുമാനിക്കുമ്പോള്‍ ഐ.ഐ.ടിയുടെ അക്കൌണ്ടില്‍ പണം ഉണ്ടായിരുന്നുവെന്നും പിന്നീട് ഭൂവുടമകള്‍ക്ക് നല്‍കാനുള്ള പണം സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു എന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഫലത്തില്‍ സര്‍ക്കാര്‍ വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ച അവസ്ഥയിലാണ് ഭൂ ഉടമകള്‍.

ഭൂമിയുടെ വില ലാന്‍റ് അക്വിസിഷന്‍ ആക്ട് പ്രകാരം കോടതിയില്‍ കെട്ടിവെക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ അവാര്‍ഡ് നല്‍കി 4 മാസം കഴിഞ്ഞിട്ടും പണം പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കെട്ടിവെച്ചിട്ടില്ല. നിയമ വിരുദ്ധമായി അവാര്‍ഡ് പാസാക്കി തങ്ങളെ വഞ്ചിച്ചുവെന്ന് കാണിച്ച് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഭൂ ഉടമകള്‍‍. സര്‍ക്കാര്‍ പണം പിന്‍വലിച്ചതിനാല്‍ ഇനിയെന്ന് അക്കൌണ്ടില്‍ ഫണ്ട് വരുമെന്ന് ആര്‍ക്കും നിശ്ചയമില്ല.