Kerala

‘പകവീട്ടല്‍’ പോലെ വധശിക്ഷ നടക്കുന്നു; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രിംകോടതി

പകവീട്ടല്‍ പോലെ വിചാരണാ കോടതി വധശിക്ഷ വിധിക്കുന്നുവെന്ന നിരീക്ഷണവുമായി സുപ്രിംകോടതി. പ്രതിയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വിചാരണാ ഘട്ടത്തില്‍ തന്നെ പരിശോധിക്കണം. പ്രതിയുടെ മനോനിലയെ പറ്റി സര്‍ക്കാരിന്റെയും ജയില്‍ അധികൃതരുടെയും റിപ്പോര്‍ട്ടും തേടണമെന്നും കോടതി നിരീക്ഷിച്ചു. വധശിക്ഷ നടപ്പാക്കുന്നതില്‍ കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

പ്രതി പശ്ചാത്തപിക്കാനും മാറാനും സാധ്യതയുണ്ടോയെന്ന് സൂക്ഷ്മപരിശോധന നടത്തണം. കുടുംബപശ്ചാത്തലം ഉള്‍പ്പെടെ എല്ലാ വിവരങ്ങളും സര്‍ക്കാര്‍ ശേഖരിച്ച് കോടതിക്ക് നല്‍കണം. ഇവയെല്ലാം പരിശോധിച്ച ശേഷമേ വധശിക്ഷ നടപടിയിലേക്ക് പോകാവൂ എന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. 2015ല്‍ മധ്യപ്രദേശിലുണ്ടായ ഒരു കേസിലെ വിധിപ്രസ്താവനയുമായി ബന്ധപ്പെട്ടാണ് കോടതി നിരീക്ഷണങ്ങള്‍. കേസില്‍ ഹൈക്കോടതി ശരിവച്ച ആറുപേരുടെ വധശിക്ഷയില്‍ മൂന്നുപേരുടെ ശിക്ഷ സുപ്രിംകോടതി റദ്ദാക്കി.