തൃക്കാക്കരയില്‍ എല്‍ഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍. പിണറായി സര്‍ക്കാരിനേല്‍ക്കുന്ന തിരിച്ചടിയാകും തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ തൃക്കാക്കരയില്‍ തന്നെ ക്യാംപ് ചെയ്യുന്നത് പരാജയ ഭീതികൊണ്ടാണ്. സര്‍ക്കാര്‍ ഇക്കാലം കൊണ്ട് യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ലെന്നും എ എന്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ ക്രമസമാധാന നില ആകെ തകര്‍ന്നെന്ന് എ എന്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. പൊലീസ് സ്റ്റേഷന്‍ കയറി വരെ അക്രമികള്‍ പൊലീസുകാരെ ആക്രമിക്കുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് അനുവദിക്കപ്പെട്ട ആനുകൂല്യങ്ങളില്‍ എണ്‍പത് ശതമാനത്തോളം ഒരു സമുദായത്തിന് മാത്രം നല്‍കി സര്‍ക്കാര്‍ നീതികേട് കാണിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍ സര്‍ക്കാര്‍ ഭരണനേട്ടത്തിനുള്ള അംഗീകാരം തൃക്കാക്കരയിലെ ജനങ്ങള്‍ നല്‍കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇടതുമുന്നണിയുള്ളത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തൃക്കാക്കരയില്‍ നൂറുമേനി കൊയ്‌തെടുക്കാനാകുമന്നാണ് നേതാക്കള്‍ വിശ്വസിക്കുന്നത്. എന്നാല്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ ജനകീയ പ്രതിഷേധങ്ങളെ ഏതുവിധത്തിലാണ് പ്രതിരോധിക്കേണ്ടതെന്നത് സംബന്ധിച്ച ആശയക്കുഴപ്പവും സര്‍ക്കാരിനെ വലയ്ക്കുന്നുണ്ട്. തൃക്കാക്കരയെ നൂറ് സീറ്റ് നേടാനുള്ള സുവര്‍ണാവസരമായാണ് തങ്ങള്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് സര്‍ക്കാരിന് മുന്നില്‍ വലിയ അഭിമാനപ്രശ്‌നം തന്നെയാകുന്നുണ്ട്.