India Kerala

തുഷാര്‍ വെള്ളാപ്പള്ളിയെ മത്സരരംഗത്തിറക്കാന്‍ സമ്മര്‍ദം ശക്തമാക്കി ബി.ജെ.പി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി വോട്ട് എന്‍.ഡി.എക്ക് കിട്ടില്ലെന്ന ആശങ്ക മുന്നണിയില്‍ ശക്തമാകുന്നു. എസ്.എന്‍.ഡി.പിയുടെ നേരിട്ടുള്ള പിന്തുണ ബി.ഡി.ജെ.എസിന് ലഭ്യമാകില്ലെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വന്നതോടെയാണ് ബി.ജെ.പി അങ്കലാപ്പിലായത്. ഇതോടെ എസ്.എന്‍.ഡി.പി ഉപാധ്യക്ഷന്‍ കൂടിയായ ബി.ഡി.ജെ.എസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളിയെ മത്സരരംഗത്തിറക്കാന്‍ ബി.ജെ.പി സമ്മര്‍ദം ശക്തമാക്കി.

വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വലിയ ഗൌരവത്തിലാണ് ബി.ജെ.പി എടുത്തിട്ടുള്ളത്. എസ്.എന്‍.ഡി.പി യോഗം നേതാക്കൾ മത്സരിക്കരുതെന്ന നയത്തിന്റെ അടിസ്ഥാനത്തിൽ തുഷാർ തെരഞ്ഞടുപ്പിൽ മത്സരിക്കാതിരുന്നാൽ എൻ.ഡി.എ മുന്നണിക്ക് തിരിച്ചടിയാകുമെന്നാണ് ബി.ജെ.പി വിലയിരുത്തൽ. മുന്നണിയുടെ കൺവീനർ തന്നെ മറ്റൊരു നയത്തിന്റെ ഭാഗമായി മത്സരിക്കാത്തത് ചർച്ചയാകുകയും ചെയ്യും. അതിനാൽ തുഷാർ മത്സരരംഗത്ത് വേണമെന്നതാണ് ബി.ജെ.പി ആവശ്യം.

കഴിഞ്ഞ ദിവസം ഡൽഹിയിൽ അമിത്ഷായുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ തുഷാർ വെള്ളാപ്പള്ളി മത്സരിക്കണമെന്ന കാര്യം അമിത്ഷാ നേരിട്ട് ആവശ്യപ്പെടുകയും ചെയ്തു. ബി.ഡി.ജെ.എസിന് നാലു സീറ്റ് നൽകിയാൽ മതിയെന്ന സംസ്ഥാന ബി.ജെ.പി നിലപാടിനെതിരെയാണ് തുഷാർ നേരിട്ട് അമിത്ഷാക്ക് മുന്നിലെത്തിയത്. അതോടെ ആറു സീറ്റെന്ന ഉറപ്പ് ലഭിച്ചെങ്കിലും സ്ഥാനാർഥി പട്ടികയിൽ തുഷാർ ഉണ്ടാവണമെന്ന നിർദ്ദേശവും മുന്നോട്ട് വച്ചു.

ആറു സീറ്റിൽ മൂന്നിടത്തും പൊതുവ്യക്തികളെ നിർത്താനാണ് ബി.ഡി.ജെ.എസ് നീക്കം. അതിന്റെ പേരിലാകും തുഷാർ മത്സരരംഗത്ത് നിന്ന് മാറാൻ ശ്രമിക്കുക. എന്നാൽ ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ ആവശ്യം സംബന്ധിച്ച് ബി.ഡി.ജെ.എസ് അടുത്ത സംസ്ഥാന സമിതിയിൽ ചർച്ച ചെയ്യുമെന്നാണ് സൂചന.