India Kerala

തമിഴ്നാട്ടിലും കൂടുതല്‍ സീറ്റെന്ന ആവശ്യമുയര്‍ത്തി മുസ്‍ലിം ലീഗ്

കേരളത്തിനും തമിഴ്നാടിനും പുറമേ കൂടുതല്‍ സംസ്ഥാനങ്ങളില്‍ മത്സരിക്കുന്നതിനുള്ള സാധ്യതകള്‍ തേടി മുസ്‍ലീം ലീഗ് നേതൃത്വം നീക്കം തുടങ്ങി. യു.പി.എയിലെ സഖ്യകക്ഷികളുമായി പ്രാദേശികമായി ധാരണ ഉണ്ടാക്കാനാണ് നീക്കം. കേരളത്തില്‍ മൂന്നാം സീറ്റ് ലഭിച്ചില്ലെങ്കില്‍ അണികള്‍ക്ക് ഉണ്ടാകാവുന്ന നിരാശയെ ഇതിലൂടെ മറികടക്കാനാവും എന്ന കണക്ക് കൂട്ടലും ഇതിന് പിന്നിലുണ്ട്.

കേരളത്തില്‍ മൂന്നാമതൊരു സീറ്റ് കൂടി വേണമെന്നാണ് ലീഗ് അണികളുടെ ആവശ്യം. യു.ഡി.എഫിലെ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ മധ്യസ്ഥ റോളിലിറങ്ങിയ ലീഗ് നേതാക്കളാവട്ടെ മൂന്നാം സീറ്റിന് വേണ്ടി വലിയ വാശിയൊന്നും പിടിക്കാനും ഇടയില്ലെന്ന സൂചനകള്‍ ശക്തമാണ് താനും. തമിഴ്നാട്ടില്‍ നിലവില്‍ ഡി.എം.കെ മുന്നണിയില്‍ ലീഗിന് ഒരു സീറ്റുണ്ട്. ഇത്തവണ അത് രണ്ടാക്കണമെന്നാണ് ലീഗിന്റെ ഒരാവശ്യം. ഇതിന് പുറമേ ബംഗാള്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, തെലുങ്കാന എന്നിങ്ങനെ നാലിടത്ത് കൂടി ജനവിധി തേടാനാണ് നീക്കം. ഇതിന്റെ ഭാഗമായി ദേശീയ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്റെ നേതൃത്വത്തില്‍ യു.പി.എ ഘടകകക്ഷികളായ പ്രാദേശിക പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ ആരംഭിച്ചു.

ഖാദര്‍ മൊയ്തീന്‍ തമിഴ്നാട്ടില്‍ നിന്ന് ജനവിധി തേടും. മറ്റ് നാലിടത്തും ഓരോ സീറ്റുകളില്‍ മത്സരിക്കാനാണ് ശ്രമം. കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യം യു.ഡി.എഫ് ഉഭയകക്ഷി ചര്‍ച്ചയില്‍ ഉന്നയിക്കുമെങ്കിലും സീറ്റ് വിഭജനം തര്‍ക്കത്തിലേക്ക് നീങ്ങുന്ന സാഹചര്യം സൃഷ്ടിക്കേണ്ടതില്ലെന്നാണ് ലീഗ് നേതാക്കള്‍ക്കിടയിലെ ധാരണ.